പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍: ഉപജില്ലാ ഓഫിസുകള്‍ ആരംഭിക്കും
തിരുവനന്തപുരം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ഉപജില്ലാ ഓഫിസുകള്‍ ആരംഭിക്കുമെന്ന് പട്ടിക ജാതിവര്‍ഗസാംസ്‌കാരികനിയമവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
കോര്‍പറേഷന്റെ പ്രവര്‍ത്തന അവലോകനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2017-18 സാമ്പത്തിക വര്‍ഷം വായ്പ വിതരണം ലക്ഷ്യമിട്ട 350 കോടി രൂപയും അധികരിച്ച് 403 കോടി രൂപയായി വര്‍ധിപ്പിച്ചതും വായ്പ തിരിച്ചടവ് ലക്ഷ്യമിട്ട 310 കോടി രൂപയും കടന്ന് 313 കോടി രൂപയായി വര്‍ധിപ്പിച്ചതും മികച്ച നേട്ടമാണ്. ധനകാര്യ സ്ഥാപനങ്ങളില്‍ നിഷ്‌ക്രിയ ആസ്തികള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തി 0.8 ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചത് ജീവനക്കാരുടെ മികച്ച തൊഴില്‍ സംസ്‌കാരം മൂലമാണെന്നും മന്ത്രി പറഞ്ഞു.
കോര്‍പറേഷന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ദേശീയ ഏജന്‍സികളില്‍ നിന്നു വായ്പ ലഭ്യമാക്കുന്നതിന് യഥാസമയം ഗ്യാരന്റി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ദേശീയ സഫായി കര്‍മ്മചാരീസ് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കേരളത്തിലെ നിര്‍വഹണ ഏജന്‍സിയായി കോര്‍പറേഷനെ നിയോഗിക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
തലസ്ഥാന നഗരിയില്‍ കോര്‍പറേഷന്റെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് സ്ഥലം അനുവദിക്കുന്ന വിഷയവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
2017-18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. വായ്പാ വിതരണത്തിലെ മികച്ച പ്രകടനത്തിന് കോഴിക്കോട് ജില്ലാ ഓഫിസും റിക്കവറി പ്രവര്‍ത്തനങ്ങളിലെ മികവിന് കണ്ണൂര്‍ ജില്ലാ ഓഫിസും പുരസ്‌കാരത്തിന് അര്‍ഹമായി. ഏറ്റവും മികച്ച ജില്ലാ ഓഫിസിനുള്ള പുരസ്‌കാരം കോട്ടയം ജില്ലാ ഓഫിസും, മികച്ച ഉപജില്ലാ ഓഫിസിനുള്ള പുരസ്‌കാരം വര്‍ക്കല ഉപജില്ലാ ഓഫിസിനും ലഭിച്ചു.
ചെയര്‍മാന്‍ സംഗീത് ചക്രപാണി, ഡയരക്ടര്‍മാരായ ഗോപി കോട്ടമുറിക്കല്‍, എ.പി ജയന്‍, ടി. കണ്ണന്‍, സുരേഷ്‌കുമാര്‍ പി.എന്‍, മാനേജിങ് ഡയരക്ടര്‍ കെ.ടി ബാലഭാസ്‌കരന്‍, ജനറല്‍ മാനേജര്‍മാരായ കെ.വി രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ ആനകൈ, കമ്പനി സെക്രട്ടറി രാം ഗണേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."