ജില്ലയിലെ മുഴുവന്‍ ഓഫിസുകളിലും ഹരിതചട്ടം: പാലിക്കപ്പെട്ടില്ലെങ്കില്‍ നടപടിയുണ്ടാകും; കലക്ടര്‍
ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും ജൂണ്‍ മാസത്തോടെ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ടി.വി അനുപമ. ഇപ്പോള്‍ വകുപ്പുകള്‍ നടത്തുന്ന പൊതുപരിപാടികള്‍ ഹരിതചട്ടപ്രകാരമാണ്. ഇത് ഓഫിസുകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ കൂടി വന്ന സാഹചര്യത്തില്‍ ഇത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഓരോ ഓഫിസ് മേധാവിയും ജാഗ്രത പുലര്‍ത്തണം.
മാലിന്യസംസ്‌കരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇനി അലംഭാവം കാണിച്ചാല്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഹരിതകേരളം ജില്ല മിഷന്‍ ഓഫിസ് മേധാവികള്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയിലെ ഓഫിസുകള്‍ ഹരിതമാക്കാനുള്ള പ്രാഥമിക സൗകര്യങ്ങള്‍ എല്ലാം ഇതിനകം ഒരുക്കിയിട്ടുണ്ട്്. മാലിന്യനിക്ഷേപത്തിനായി ഏയ്‌റോബിക് കമ്പോസ്റ്റ് സംവിധാനം ആദ്യം തുടങ്ങിയത് ആലപ്പുഴയിലാണ്. എന്നാല്‍ ജീവനക്കാരില്‍ ചെറിയൊരു ശതമാനം മാറ്റത്തിന് തയ്യാറാകുന്നില്ല.
രണ്ട് വകുപ്പുകളിലെ മേധാവികളെ വിളിച്ചുവരുത്തി ശാസിച്ചശേഷമാണ് പരസ്യമായി മാലിന്യം കത്തിക്കുന്ന നടപടി അവര്‍ നിര്‍ത്തിയത്. ഓഫീസില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് രണ്ടു ദിവസത്തിനകം ഓഫിസുതല യോഗം വിളിച്ച് വിവരങ്ങള്‍ കൈമാറി പ്രശ്‌നങ്ങളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കഴിഞ്ഞദിവസങ്ങളില്‍ പേപ്പര്‍ പ്ലേറ്റിലും മറ്റും ഭക്ഷണം വിളമ്പിയെന്ന പരാതിയെ തുടര്‍ന്നാണ് ഈ നിര്‍ദേശം. വകുപ്പുകള്‍ അവരുടെ ആവശ്യത്തിനുള്ള പ്ലേറ്റുകളും ഗ്ലാസുകളും വാങ്ങാന്‍ പുതിയ സാമ്പത്തികവര്‍ഷം ശ്രദ്ധിക്കണം.
ആവശ്യമുള്ള വിഭാഗങ്ങളില്‍ മാത്രമേ പ്രിന്റൗട്ടുകള്‍ എടുക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനൊപ്പം ജൈവ മാലിന്യങ്ങളുണ്ടാകുന്നതും പരമാവധി കുറയ്ക്കണമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത് തലം വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരാള്‍ക്കു വീതം ഹരിതചട്ട പരിപാലനത്തിന്റെ ചുമതല നല്‍കി മെയ് 15നകം പരിശീലനം നല്‍കുമെന്ന് ഇതേക്കുറിച്ച് ക്ലാസ് നയിച്ച ഹരിതകേരളം സംസ്ഥാന ഫാക്കല്‍ട്ടി വേണുഗോപാല്‍ പറഞ്ഞു. എട്ടു പ്രധാന കാര്യങ്ങളിലൂന്നി ഓഫീസുകള്‍ പരിശോധിച്ച് റാങ്കിങ് നല്‍കും.
ജൂണ്‍, ജൂലൈ മാസങ്ങളിലായി സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായമുള്ള സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കും. ജൈവസംസ്‌കരണം, അജൈവപരിപാലനം, ഡിസ്‌പോസിബിള്‍ രഹിതം, ഇവേസ്റ്റ് രഹിതം, ജലസൗഹൃദം, വൈദ്യുത സൗഹൃദം, പൊടിരഹിതം, ശുചിമുറി സൗഹൃദം എന്നീ വിഭാഗങ്ങളിലായിരിക്കും പരിശോധന. 50 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങുന്നവയെ ഹരിത ഓഫീസായി പരിഗണിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."