പൈപ്പ് മാറ്റല്‍; ശുദ്ധജല വിതരണം മുടങ്ങും
പൂച്ചാക്കല്‍: ജപ്പാന്‍ ശുദ്ധജല വിതരണ പദ്ധതിയില്‍ വൈക്കം മറവന്‍തുരുത്ത് പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള ജി.ആര്‍.പി പൈപ്പ് മാറ്റി പകരം എം.എസ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാല്‍ 17 മുതല്‍ 20 വരെ ജപ്പാന്‍ ശുദ്ധജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി തൈക്കാട്ടുശേരി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
ജപ്പാന്‍ ശുദ്ധജലം ലഭിക്കുന്ന ചേര്‍ത്തല നഗരസഭയുടെയും 18 ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലാണ് ശുദ്ധജലം മുടങ്ങുന്നത്. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ പരമാവധി ജലം ശേഖരിക്കാനും മുടക്കമുള്ള ദിവസങ്ങളില്‍ ജല ഉപയോഗം പരിമിതപ്പെടുത്താനും അധികൃതര്‍ അറിയിച്ചു. 16ന് അര്‍ധരാത്രിയോടെ ജലവിതരണം അവസാനിപ്പിക്കുകയും 21ന് പുലര്‍ച്ചെ മുതല്‍ പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പകലും രാത്രിയിലുമായി ജോലികള്‍ നടത്തും. എംഎസ് പൈപ്പുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന ജോലികളാണ് നാല് ദിവസത്തിനിടെ ചെയ്യുക. കരാര്‍ ഏജന്‍സിയാണ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. മഴ വലിയ പ്രശ്‌നമായാല്‍ ചിലപ്പോള്‍ തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.
എന്നാല്‍ നിലവില്‍ നാലു ദിവസത്തെ അവധിയാണ് കരാര്‍ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നതെന്നു ജല അതോറിറ്റി അറിയിച്ചു. മറവന്‍തുരുത്തിലെ ജിആര്‍പി പൈപ്പുകള്‍ ഇടക്കിടെ പൊട്ടുന്നതിനാല്‍ ചേര്‍ത്തല താലൂക്കില്‍ ജപ്പാന്‍ ശുദ്ധജല വിതരണം മുടങ്ങാറുണ്ട്. ഇതിന് പരിഹാരമായാണ് പൈപ്പ് മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."