ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വന്‍ തുക
മട്ടാഞ്ചേരി: സാധാരണക്കാര്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റി(പി.സി.സി)ന് വന്‍ തുക ഈടാക്കി സര്‍ക്കാര്‍ ജനത്തെ പിഴിയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ മേഖലയിലും ഇപ്പോള്‍ ജോലി ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി പി.സി.സി സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. കൊച്ചി തുറമുഖത്തെ ക്ഷേമ നിധി ബോര്‍ഡ് തൊഴിലാളികള്‍, വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, ഷിപ്പിങ്ങ് ഏജന്‍സിയിലെ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുറമുഖത്തെ വാര്‍ഫിനകത്തും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലുമൊക്കെ പ്രവേശിക്കണമെങ്കില്‍ സി.ഐ.എസ്.എഫ് അനുവദിക്കുന്ന പാസ് വേണം.ഇത് ലഭിക്കണമെങ്കില്‍ പൊലിസ് ക്ലിയറിങ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തില്‍ പി.സി.സി സര്‍ട്ടിഫിക്കറ്റിനായി വിവിധ പൊലിസ് സ്റ്റേഷനുകളെ ആശ്രയിക്കുന്നത്.
നാവിക സേന കേന്ദ്രം തുടങ്ങിയ മേഖലയില്‍ കരാര്‍ തൊഴിലാളികള്‍ക്കും പി.സി.സി അനിവാര്യമാണ്. അടുത്തിടെ വിദേശത്ത് തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ പി.സി.സി സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നിരുന്നു. ഇതിന് സര്‍ക്കാര്‍ ഫീസ് ഈടാക്കിയിരുന്നു. മാര്‍ച്ച് വരെ ഇത്തരത്തില്‍ വിദേശത്ത് ജോലിക്ക് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റിനാണ് ഫീസ് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഏത് കാര്യത്തിന് അപേക്ഷിച്ചാലും ഫീസ് ഈടാക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഒരു തവണ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അഞ്ഞൂറ് രൂപയും ഇരുപത്തിയഞ്ച് ശതമാനം ജി.എസ്.ടിയും അടക്കണം. 525 രൂപ അടച്ചാല്‍ മാത്രമേ പി.സി.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഒന്നുകില്‍ ട്രഷറിയിലോ അല്ലെങ്കില്‍ പൊലിസ് സ്റ്റേഷനിലോ അടച്ച് രസീത് വാങ്ങണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രം ഫീസടച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. എന്തെങ്കിലും കാരണവശാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നാല്‍ പണം നഷ്ടപ്പെടാതിരിക്കാനാണിത്. ഖജാവിലേക്ക് പണം ശേഖരിക്കാന്‍ ഇത്തരത്തില്‍ ജനങ്ങളെ പിഴിയുന്നതില്‍ സേനയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."