കാട്ടിക്കുന്ന് തുരുത്തേല്‍ നിവാസികളുടെ പാലത്തിനായുള്ള ആവശ്യം കടലാസില്‍ തന്നെ
വൈക്കം: ചെമ്പ് പഞ്ചായത്തില്‍ കാട്ടിക്കുന്ന് തുരുത്തേല്‍ നിവാസികളുടെ പാലത്തിനായുള്ള ആവശ്യം ഇന്നും കടലാസില്‍ തന്നെ. 15 -ാം വാര്‍ഡിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായ തുരുത്തേല്‍ ഗ്രാമത്തില്‍ ആകെയുള്ള 110 കുടുംബങ്ങളില്‍ 70 വീടുകളും പട്ടികജാതി വിഭാഗത്തിന്റെതാണ്.
മറ്റുപ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിന് തുരുത്തിലുള്ളവര്‍ക്ക് കടത്തുവള്ളം മാത്രമാണ് ഏക ആശ്രയം. വോട്ടിനു വേണ്ടി വരുന്ന നേതാക്കളുടെ വാഗ്ദാനങ്ങള്‍ വാക്കുകളില്‍ മാത്രമായി ഒതുങ്ങിയതോടെ പാലമെന്ന സ്വപ്നം എങ്ങുമെത്തിയില്ല.
വിവിധ പ്രദേശങ്ങളില്‍ ജോലിക്കുപോയതിനു ശേഷം രാത്രി എട്ടിന് മുന്‍പ് കടത്തുകടവില്‍ വന്നില്ലെങ്കില്‍ കാട്ടിക്കുന്ന് കടത്തുകടവില്‍ നിന്നും അക്കരെ എത്താന്‍ സ്വകാര്യ വള്ളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാവിലെ അഞ്ചു മുതല്‍ രാത്രി എട്ടു വരെയാണ് പഞ്ചായത്ത് കടവ് പ്രവര്‍ത്തിക്കുന്നത്. പാലത്തിനായുള്ള തുരുത്ത് നിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രദേശവാസികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയിരുന്നു.
സാങ്കേതിക പഠനത്തിനായി ബ്ലോക്ക് പഞ്ചായത്ത് എല്‍.ബി.എസിനെ നിയോഗിച്ചുവെങ്കിലും സര്‍വീസ് ചാര്‍ജ് കൊടുക്കാതിരുന്നതിനാല്‍ അവര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. തുടര്‍ന്ന് തുരുത്ത് നിവാസികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ചെമ്പ് പഞ്ചായത്ത് സര്‍വീസ് ചാര്‍ജായി പട്ടികജാതി ഫണ്ടില്‍ നിന്നും 3.14 ലക്ഷം രൂപ നല്‍കുകയും എല്‍.ബി.എസ് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.
എല്‍.ബി.എസിന്റെ പ്ലാന്‍, എസ്റ്റിമേറ്റ് പ്രകാരം 3.60 കോടി രൂപയാണ് പാലം നിര്‍മാണത്തിന് ആവശ്യമായ തുക. പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മിക്കണമെങ്കില്‍ അപ്രോച്ച് റോഡിന് എട്ടുമീറ്റര്‍ വീതി വേണമെന്നത് ഇവിടുത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. 3.5 മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ മാത്രം വീതി ലഭിക്കുന്ന റോഡില്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ പട്ടികജാതി വകുപ്പില്‍ നിന്നോ എം.എല്‍.എയുടെ ആസ്തിവികസനഫണ്ടില്‍ നിന്നോ തുക അനുവദിക്കണമെന്നതാണ് തുരുത്ത് നിവാസികളുടെ ആവശ്യം. അതാകുമ്പോള്‍ റോഡിന് എട്ടുമീറ്റര്‍ വീതി വേണമെന്ന പൊതുമരാമത്ത് നിബന്ധനയില്‍ നിന്നും ഒഴിവാകുവാനും സാധിക്കും.
തുരുത്ത് വികസനസമിതിയുടെ നേതൃത്വത്തില്‍ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് കടത്തുകടവില്‍ നടക്കുന്ന അംബേദ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ എഴുത്തുകാരന്‍ കെ.എം സലിംകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പാലം പണി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തുരുത്ത് നിവാസികളുടെ ഒത്തുചേര്‍ന്ന് പ്രതീമാത്മക തീപ്പാലം നിര്‍മിച്ചു പ്രതിഷേധിക്കും. പത്രസമ്മേളനത്തില്‍ തുരുത്ത് വികസനസമിതി ചെയര്‍മാന്‍ ചമയം ശശി, വാര്‍ഡ് മെമ്പര്‍ സ്മിത പ്രിന്‍സ്, പി.ഡി പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."