ഭൂസമരം ജൂണ്‍ 30 നകം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ്
അടിമാലി: എട്ട് വില്ലജുകളിലെ ജനങ്ങള്‍ നടത്തിവരുന്ന സമരം ജൂണ്‍ 30 നകം പരിഹരിക്കമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി. അല്ലെങ്കില്‍ മറ്റ് കക്ഷികളുമായി ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂണ്‍ 30 വരെ കര്‍ഷകര്‍ നടത്തിവരുന്ന സമരവുമായി സഹകരിച്ച് മുന്നോട്ട് പോകും. അതിനുളളില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തി കര്‍ഷക വിരുദ്ധ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും.ഈ ആവശ്യം ഉന്നയിച്ച് മെയ് രണ്ടാംവാരം 8 വില്ലേജുകളില്‍ പദയാത്ര നടത്തും.
ഡി.സി.സിയുടെ നേത്യത്വത്തിലാണ് പദയാത്ര നടത്തുക. പ്രശ്‌നം പരിഹരിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് ആനച്ചാലിലും കട്ടപ്പനയിലും സ്വീകരണം നല്‍കും.രാവിലെ 11 ന് ആനച്ചാല്‍ നിയാസ് കൂരപ്പിളളി നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ തൊടുപുഴ,ദേവികുളം മണ്ഡലങ്ങളിലെ പാര്‍ട്ടിഫണ്ട് കൈമാറും.വൈകിട്ട് നാലിന് കട്ടപ്പന സി.എന്‍.വിജയന്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇടുക്കി,ഉടുമ്പന്‍ചോല,പീരുമേട് മണ്ഡലങ്ങളിലെ ഫണ്ട് കൈമാറും.ഒരോ ബൂത്തില്‍ നിന്നും 25000 രൂപ വീതമാണ് സമാഹരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടക്കുന്ന ജനമോചന യാത്രയില്‍ കാര്‍ഷിക പ്രശ്‌നങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലതകര്‍ച്ചയും ഉന്നയിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിക്ഷേധമുയര്‍ത്തുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അടക്കം മുതിര്‍ന്ന നേതാക്കളും ഭാരവാഹികളും 17 ന് അവരവരുടെ ബൂത്തുകളില്‍ ഭവന സന്ദര്‍ശനത്തില്‍ പങ്കെടുക്കും.ഇതില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടി ഭാരവാഹി പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."