യുവതിയെ വെട്ടിനുറുക്കി ഉപേക്ഷിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം
പാലക്കാട്: കൂടെ ജീവിച്ചിരുന്ന യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച കേസിലെ പ്രതി കാസര്‍കോട് ചിറ്റാരിക്കല്‍ മണത്തുരുത്തേലില്‍ സ്വദേശി എം.എ.ഷാജന്‍(44) ന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കൂടി വിധിച്ചിട്ടുണ്ട്. രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മൂന്നാം നമ്പര്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എം.ബി. സ്‌നേഹലയാണ് വ്യാഴാഴ്ച പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. 2007 ജൂലൈ 27 നാണ് കേസിനാസ്പദമായ സംഭവം. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിനോദ് കൈനാട്ട്, അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രമേശ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
പത്തനംതിട്ട റാന്നി വെച്ചുച്ചിറ എക്‌സ് സര്‍വീസ്‌മെന്‍ കോളനയി മണലേല്‍ എലിസബത്ത് എന്ന ലെനി(ലീനഫ42) ആണ് കൊല്ലപ്പെട്ടത്. പാലക്കാട് പുത്തൂരില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം തലയൊഴികെയുള്ള ശരീരഭാഗങ്ങള്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെ തല സഞ്ചിയിലാക്കി എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുള്ള മാലിന്യകൂമ്പാരത്തില്‍ വലിച്ചെറിഞ്ഞതായി പ്രതി മൊഴി നല്‍കിയെങ്കിലും ഇനിയും കണ്ടെത്തിയിട്ടില്ല. നാട്ടുകാര്‍ നല്‍കിയ വിവരത്തില്‍ നിന്നാണ് കൊല്ലപ്പെട്ടത് ലീനയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്. ഡി.എന്‍.എ പരിശോധനയിലൂടെകൊല്ലപ്പെട്ടത് ലീന തന്നെയാണെന്ന് ഉറപ്പിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷാജന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ലീന ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലീന ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ചാണ് ഷാജനുമൊത്ത് താമസം തുടങ്ങിയത്.
ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രകോപിതനായ ഷാജന്‍ വടികൊണ്ട് ലീനയെ അടിച്ച് അവശനാക്കി, തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന്, കത്തി ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റിയ ഷാജന്‍ പിറ്റേദിവസം ബൈക്കില്‍ പോയി തലയൊഴികെയുള്ള ശരീരഭാഗങ്ങള്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 നാണ് വിചാരണ ആരംഭിച്ചത്. ബുധനാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."