വയോധികയുടെ മരണം: മക്കളും ബന്ധുക്കളും മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു
തിരൂര്‍: വയോധികയായ മാതാവിന്റെ മരണത്തിനിടയായ സാഹചര്യം അന്യേഷിക്കണമെന്നാവശ്യപ്പെട്ട് മക്കളും ബന്ധുക്കളും മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. തിരൂര്‍ തെക്കന്‍ അന്നാരയിലെ ഇല്ലത്ത്പറമ്പില്‍ അമ്മു (62) വിന്റെ മരണത്തെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്. കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു മരണം. അയല്‍വാസിയായ ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റാണ് അമ്മു മരിച്ചതെന്നാണ് മക്കളായ ഷീബയും ഷീനയും പരാതി നല്‍കിയിട്ടുള്ളത്.
മരിക്കുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് അമ്മു അവശയായിരുന്നുവെന്നും ബന്ധു കൂടിയായ സി.പി.എം തിരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ നേതാവിനെ സമീപിച്ച് തിരൂര്‍ ജില്ലാ ആശപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടും അഡ്മിറ്റാകാന്‍ ഇയാള്‍ സമ്മതിച്ചില്ലെന്നും പൊലിസില്‍ പരാതി നല്‍കാമെന്ന് പറയുകയും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്നുമാണ് അമ്മുവിന്റെ മക്കള്‍ പറയുന്നത്.
മര്‍ദ്ദിച്ച അയല്‍വാസിയുടെ സഹോദരങ്ങളും സി.പി.എം പ്രവര്‍ത്തകരായതിനാല്‍ അവര്‍ക്ക് വേണ്ടി പാവപ്പെട്ട പിന്നോക്ക വിഭാഗത്തില്‍പ്പെട്ട തങ്ങളെ സി.പി.എം നേതാവ് വഞ്ചിക്കുകയായിരുന്നാണ് പരാതി.
ഇക്കാര്യങ്ങള്‍ അമ്മുവിന്റെ മക്കള്‍ കമ്മീഷന്‍ അംഗം അഡ്വ. മോഹന്‍കുമാറിനെ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
ശരിയായ സമയത്ത് ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ മാതാവ് മരിക്കില്ലായിരുന്നുവെന്നും തമിഴ്‌നാട്ടില്‍നിന്നു അമ്മുവിന്റെ മകളുടെ ഭര്‍ത്താവ് എത്താനുണ്ടായിട്ടും അതിന് കാത്തിരിക്കാതെ വേഗത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നുവെന്നും അമ്മുവിന്റെ മക്കള്‍ പറഞ്ഞു.
ഇതെല്ലാം അക്രമിയെ സഹായിക്കാനും കേസ് ഒതുക്കിതീര്‍ക്കാനുമായിരുന്നുവെന്നാണ് ആരോപണം. ജില്ലാ പൊലിസ് മേധാവിക്കടക്കം പരാതികള്‍ നല്‍കിയിട്ടും നടപടികളില്ലാതായപ്പോഴാണ് കുടുംബം മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. അമ്മുവിനെ പരിശോധിച്ച മെഡിക്കല്‍ കോളജ് ഡോക്ടറുടെ ചികിത്സാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ ഡോക്ടറെ മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട് വിളിച്ച് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മിഷന്‍ അംഗം അഡ്വ. കെ.മോഹന്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."