മണല്‍ക്കടത്തിനെതിരേ ശക്തമായ നടപടികളുമായി റവന്യു സംഘം
തിരുന്നാവായ: അനധികൃത മണല്‍ക്കടത്തിനെതിരേ ശക്തമായ നടപടികളുമായി റവന്യു സംഘം. മണല്‍ മാഫിയ സംഘം പുഴയില്‍ നിര്‍മിച്ച അനധികൃത ബണ്ടുകളും റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റി. ഇന്നലെ ഉച്ച മുതല്‍ ആരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടു.
തൃപ്രങ്ങോട് പഞ്ചായത്തിലെ പള്ളി കടവ്, നദി നഗര്‍ കോളനി തുടങ്ങിയ ഭാഗങ്ങളില്‍ മണല്‍ മാഫിയ പുഴയില്‍ നിര്‍മിച്ച 16 ബണ്ടുകളാണ് തിരൂര്‍ താലൂക്ക് മണല്‍ സ്‌ക്വാഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.
പള്ളിക്കടവില്‍ അനധികൃതമായി ശേഖരിച്ചുവച്ച 35 ഓളം ലോഡ് മണല്‍ പുഴയിലേക്ക് തള്ളി. നദിനഗര്‍ കടവില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ബണ്ടുകള്‍ പൊളിച്ചുമാറ്റി. ഇവിടെനിന്നു പിടികൂടിയ മണല്‍ പുഴയിലേക്ക് തിരിച്ചുതള്ളി.
കഴിഞ്ഞ ദിവസം തിരുനാവായ പഞ്ചായത്തിലെ നാവാമുകുന്ദ കടവിലും തൃപ്രങ്ങോട് പഞ്ചായത്തില്‍ കുഞ്ചി കടവിലും കമുക് കടവിലും നടത്തിയ റെയ്ഡില്‍ നിരവധി മണല്‍ ലോഡുകള്‍ സംഘം പിടിച്ചെടുത്തിരുന്നു.
ഇവിടെനിന്നു പിടികൂടിയ മൂന്ന് ലോഡ് മണല്‍ റവന്യൂ അധികൃതര്‍ കലവറയ്ക്ക് കൈമാറുകയും ബാക്കിയുള്ളവ പുഴയിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്തിരുന്നു. തിരൂര്‍ ഭൂരേഖ തഹസില്‍ദാര്‍ എം. ഷാജഹാന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി. ഉണ്ണി, ഷിലിന്‍, ശിവപ്രസാദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഹസീബ് അലി അക്ബര്‍, വിക്ടര്‍ ജോയി, രഞ്ജിത്ത് എന്നിവരാണ് സ്‌ക്വാഡിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."