ദേശീയപാത വികസനം: പൊന്നാനി താലൂക്കില്‍ സര്‍വേ തുടങ്ങി
മാറഞ്ചേരി: വെളിയങ്കോട് അയ്യോട്ടിച്ചിറ മുതല്‍ മലപ്പുറം ജില്ലാതിര്‍ത്തി വരെയുള്ള ഭാഗങ്ങളില്‍ ദേശീയപതാ വികസന സര്‍വേ ആരംഭിച്ചു. രാവിലെ വെളിയങ്കോട് അയ്യോട്ടിച്ചിറയില്‍നിന്നാണ് മൂന്നു വിഭാഗങ്ങളായി തിരിഞ്ഞു സര്‍വേ ആരംഭിച്ചത്. പ്രതിഷേധം മുന്നില്‍ക്കണ്ടു രണ്ട് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളെ രാവിലെ തന്നെ പൊലിസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
സമരക്കാര്‍ പ്രതിഷേധത്തില്‍നിന്നു പിന്മാറിയതിനാല്‍ സമാധാനപരമായാണ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സംഘത്തെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നത്. പുതിയിരുത്തിയിലെ പള്ളി പൊളിച്ചുമാറ്റാതിരിക്കാന്‍ റോഡിന്റെ കിഴക്കുഭാഗത്ത് കൂടുതല്‍ സ്ഥലം സര്‍വേ ചെയ്തതോടെ പ്രദേശവാസികളും സര്‍വേ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പള്ളിക്കമ്മിറ്റി ഭാരവാഹികളും പഞ്ചായത്ത് അധികൃതരും പള്ളി പൊളിച്ചുനീക്കാന്‍ സന്നദ്ധത അറിയിച്ചതോടെ പ്രതിഷേധക്കാര്‍ പിന്മാറി.
പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലായി മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് പൊന്നാനി താലൂക്കിലെ ആദ്യ ദിന സര്‍വേ നടന്നത്. പാലപ്പെട്ടി അമ്പലത്തിന്റെ കൂത്തമ്പലം സര്‍വേയില്‍ നഷ്ടമാകുന്നതിനെതിരേ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തി. എന്നാല്‍, അലൈന്‍മെന്റ് പ്രകാരമുള്ള സര്‍വേയാണ് പുരോഗമിക്കുന്നതെന്നും പരാതികള്‍ പരിഹരിച്ചു മാത്രമേ മുന്നോട്ടുപോകൂവെന്നും അധികൃതര്‍ ഉറപ്പുനല്‍കി. അയ്യോട്ടിച്ചിറ മുതല്‍ പുതുപൊന്നാനി വരെയുള്ള സര്‍വേ ഇന്നു നടക്കും.
നിരവധി കെട്ടിടങ്ങളും വീടുകളുമുള്ള വെളിയങ്കോട് അങ്ങാടിയിലെ സര്‍വേയും ഇന്നു നടക്കും. 2013ലെ സര്‍വേയ്ക്കിടെ വെളിയങ്കോട് അങ്ങാടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനാല്‍ ഏറെ കരുതലോടെയായിരിക്കും ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍, ലൈസണ്‍ ഓഫിസര്‍ പി.പി.എം അശ്‌റഫ്, തഹസില്‍ദാര്‍ ജി. നിര്‍മല്‍കുമാര്‍, തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌ക്കര്‍ എന്നിവര്‍ സര്‍വേയ്ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."