വേനല്‍ കനത്തു: വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്
കണ്ണൂര്‍: ഇത്തവണത്തെ വേനലില്‍ കണ്ണൂര്‍ ജില്ലയില്‍ ചെലവായത് ഈ വര്‍ഷത്തെ റെക്കോഡ് വൈദ്യുതി. സൂര്യന്‍ കത്തിക്കാളുന്ന ഏപ്രില്‍ മാസത്തില്‍ വൈദ്യുതി ഉപഭോഗം 265 മെഗാവാട്ടിലെത്തിക്കഴിഞ്ഞു. ഇതിനേക്കാള്‍ ചൂട് കൂടുന്ന മെയ് മാസം ഇനിയും കടന്നുവരാനിരിക്കെ ഈ വര്‍ഷത്തെ വൈദ്യുതി ഉപഭോഗം ഇനിയും റെക്കോഡുകള്‍ കീഴടക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം 275 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ അത് മെയ് മാസത്തിലായിരുന്നെങ്കില്‍ ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഉപഭോഗം അതിനു തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ശരാശരി ജില്ലയില്‍ ആവശ്യമായത് പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതിയാണ്.
മഴക്കാലത്ത് ഇത് 210-220 വരെയായി കുറയുമ്പോള്‍ വേനല്‍ക്കാലത്ത് 260 വരെയായി വര്‍ധിക്കും. എന്നാല്‍ കണ്ണൂര്‍ ജില്ലയ്ക്കാവശ്യമായ വൈദ്യുതിയില്‍ പത്തിലൊന്നു പോലും ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കാനാകുന്നില്ലെന്നതാണ് സത്യം. ജില്ലയില്‍ ആകെയുള്ള ജലവൈദ്യുത പദ്ധതി ഇരിട്ടിയിലെ ബാരാപ്പോള്‍ ആണ്. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കാനാകുന്നത് വെറും 15 മെഗാവാട്ട് വൈദ്യുതിയും. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന മഴക്കാലത്ത് മാത്രമാണ് ഇവിടെ വൈദ്യുതി ഉല്‍പാദനം നടക്കുന്നത് എന്നു കൂടി മനസിലാകുമ്പോഴാണ് കണ്ണൂരിന്റെ വൈദ്യുതി ഉല്‍പാദനക്ഷമത എത്രത്തോളം പരിമിതമാണെന്ന് വ്യക്തമാകുന്നത്.
ജില്ലയില്‍ ആകെ ഒന്‍പത് ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളാണുള്ളത്. ഇതില്‍ ഏഴു ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളും മൂന്നു ലക്ഷത്തോളം വരുന്നത് കച്ചവട, വ്യാവസായിക ഉപഭോക്താക്കളുമാണ്.
ഗാര്‍ഹിക ഉപഭോക്താക്കളാണ് വൈദ്യുതി ചെലവാക്കുന്നതിലും പാഴാക്കുന്നതിലും മുന്‍പന്തിയിലെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദന ശേഷിയും പരിമിതം തന്നെയാണ്. കേരളത്തില്‍ മൊത്തം പ്രതിദിനം 4100 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ളപ്പോള്‍ ഉല്‍പാദിപ്പിക്കാനാകുന്നത് വെറും 2100 മെഗാവാട്ട് വൈദ്യുതിയാണ്.
ഇതില്‍ ഭൂരിഭാഗവും വരുന്നത് ഇടുക്കി അണക്കെട്ടില്‍ നിന്നുതന്നെ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യകമ്പനികളില്‍ നിന്നുമെല്ലാം അധികതുക നല്‍കി വാങ്ങുന്ന വൈദ്യുതി, പാഴാക്കാതെ ആവശ്യത്തിനു മാത്രം ഉപയോഗിച്ചുകൊണ്ട് കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധി കുറയ്ക്കാന്‍ സഹായിക്കണമെന്നാണ് പൊതുജനങ്ങളോട് കെ.എസ്.ഇ.ബിയുടെ അഭ്യര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."