ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍: കര്‍മ പദ്ധതി ആവിഷ്‌കരിക്കും
കല്‍പ്പറ്റ: ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മ പദ്ധതി ആവിഷ്‌കരിക്കാന്‍ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയില്‍ വിവിധ വകുപ്പുകളെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും കോര്‍ത്തിണക്കിയാണ് കര്‍മ പദ്ധതി ആവിഷ്‌കരിക്കുക. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ യഥാര്‍ഥ ഹാജര്‍ നില രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടാക്കുക, ഉദ്യോഗസ്ഥതല പരിശോധന കര്‍ശനമാക്കുക, കോളനികളില്‍ സാമൂഹിക പഠന മുറികള്‍ ഉറപ്പാക്കുക തുടങ്ങിയവയും ലക്ഷ്യമാണ്.
വിവിധ കാരണങ്ങളാല്‍ ജില്ലയിലെ സ്‌കൂളില്‍ നിന്ന് ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പോകുന്ന അവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പദ്ധതിയും കര്‍മസമിതിയും രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ അധ്യയനവര്‍ഷം 607 കുട്ടികള്‍ വിവിധ ക്ലാസുകളില്‍ നിന്ന് കൊഴിഞ്ഞു പോയതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഇടയ്ക്കുള്ള കൊഴിഞ്ഞുപോക്ക്, സ്ഥിരമായുള്ള കൊഴിഞ്ഞു പോക്ക്, പ്രത്യേക അവസരത്തില്‍ മാത്രം ക്ലാസില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് മിക്ക വിദ്യാലയങ്ങളിലും ആദിവാസി കുട്ടികളുടെ ഹാജറുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍. കാപ്പി, അടക്ക തുടങ്ങിയ വിളകളുടെ വിളവെടുപ്പ് കാലം, ഉത്സവ കാലം, മഴക്കാലം തുടങ്ങിയ അവസരങ്ങളിലാണ് ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാകുന്നത്. ആരോഗ്യം, സാമൂഹികം, സാമ്പത്തികപരമായ പ്രശ്‌നങ്ങളാണ് സ്‌കൂള്‍ പഠനത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നത്. കോളനിയില്‍ സാംക്രമിക രോഗങ്ങള്‍ പിടിപെടുമ്പോള്‍ സ്‌കൂളില്‍ പോകാന്‍ യൂനിഫോമില്ലാത്ത സാഹചര്യങ്ങളിലുമെല്ലാം കുട്ടികള്‍ പഠനം മുടക്കുന്നതായി എസ്.എസ്.എ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
ചെറിയ കുട്ടികളെ നോക്കാന്‍ മുതിര്‍ന്ന കുട്ടികളെ നിയോഗിക്കുന്ന വേളയിലും പഠനം മുടങ്ങുന്നു. വീട്ടില്‍ പാഠപുസ്തകങ്ങളും മറ്റും സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇവ നഷ്ടപ്പെടുമ്പോള്‍ സ്‌കൂളിലേക്ക് പോകാന്‍ ഇവര്‍ മടികാണിക്കുന്നു. വൈദ്യുതി ഇല്ലാത്തതും യാത്രാ സൗകര്യമില്ലാത്തതുമെല്ലാം കൊഴിഞ്ഞുപോക്കിന് കാരണമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ ഏലിയാമ്മ നൈാന്‍ സംസാരിച്ചു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജി.എന്‍ ബാബുരാജ് കൊഴിഞ്ഞുപോക്ക് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്നാല്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌പോക്ക് തടയാനായി വിവിധങ്ങളായ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെയും പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പിന്റേയും നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.
ഇവയൊന്നും കാര്യക്ഷമമായി നടപ്പാക്കാത്തതാണ് കൊഴിഞ്ഞ് പൂര്‍ണമായും തടയാന്‍ കഴിയാത്തതിനുള്ള പ്രധാനകാരണമായി മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന ഗോത്ര സാരഥി പദ്ധതിയില്‍ വാഹന വാടകയിനത്തിലുള്ള തുക കുടിശിയായതിനാല്‍ നിരവധി പേരാണ് ഇതിനകം പദ്ധതിയില്‍ നിന്ന് പിന്‍മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."