മകന്റെ ഘാതകരെ വിലങ്ങണിയിക്കുന്നത് കാണാന്‍ നില്‍ക്കാതെ ഗോപിനാഥ പിള്ള യാത്രയായി
ചാരുംമൂട് (ആലപ്പുഴ ): ഭീകരവാദിയെന്ന് ആരോപിച്ച് തന്റെ മകനെ വെടിവച്ച് കൊന്നവര്‍ക്ക് നീതിപീഠം നല്‍കുന്ന പരമാവധി ശിക്ഷ കാണാന്‍ നില്‍ക്കാതെ ഗോപിനാഥ പിള്ള യാത്രയായി.
രാജ്യത്തെ ഞെട്ടിച്ച ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷവാങ്ങി കൊടുക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഗോപിനാഥപിള്ള കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.
2004 ജൂണ്‍ 15ന് പുലര്‍ച്ചെയാണ് ഗോപിനാഥപിള്ളയുടെ മകന്‍ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ഷെയ്ഖിനെയും മറ്റ് നാലുപേരെയും വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലിസ് വധിച്ചത്. മരിച്ച ജാവേദ് തീവ്രവാദിയാണെന്നായിരുന്നു പൊലിസിന്റെ വാദം.
എന്നാല്‍ തന്റെ മകന്‍ രാജ്യസ്‌നേഹിയാണെന്നും തീവ്രവാദിയെന്ന പൊലിസിന്റെ കണ്ടെത്തല്‍ വ്യാജമാണെന്നും ഗോപിനാഥപിളള പറഞ്ഞെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല.
ഇതോടെയാണ് മകന്റെ രാജ്യസ്‌നേഹം തെളിയിക്കണമെന്ന നിലപാടിലേക്ക് ഗോപിനാഥപിള്ള നീങ്ങിയത്.
ഒടുവില്‍ ആ നീക്കം വിജയം കണ്ടു. നിയമ പോരാട്ടത്തിനിടയില്‍ ഗോപിനാഥപിള്ളയ്ക്ക് ജീവന്‍ വരെ നഷ്ടപ്പെടുന്ന സാഹചര്യം പലതവണ വന്നുപെട്ടിരുന്നു.
പതറാതെ മുന്നോട്ടുപോയ ഈ പിതാവിന് രാജ്യത്തെ ഉന്നത രാഷ്ട്രീയ പിന്‍ബലമുള്ള നേതാവിനെ അടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു.
എതിരാളികള്‍ വന്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്ന പലരും ഉപേക്ഷിച്ച് പോയപ്പോഴും ഗോപിനാഥപിളള പതറിയില്ല. ലക്ഷ്യത്തിലെത്താന്‍ നാമമാത്ര ദൂരം മാത്രമുള്ളളപ്പോഴാണ് ഗോപിനാഥപിള്ളയുടെ നിര്യാണം.
മകന്‍ മരിച്ചിട്ടും മുസ്‌ലിം സമുദായക്കാരിയായ മകന്റെ ഭാര്യ സാജിതയെ സ്വീകരിക്കാന്‍ ഗോപിനാഥപിള്ള തയാറായത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കൊച്ചുമക്കളായ അബൂബക്കര്‍ സിദ്ധീഖി, സൈനബ്, മൂസ എന്നിവരെ ദിനവും ഫോണില്‍ വിളിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
അവധിക്കാലത്ത് ഇവര്‍ താമരക്കുളത്തുള്ള ഗോപിനാഥന്‍പിള്ളയെ കാണാന്‍ എത്താറുണ്ടായിരുന്നു. തന്റെ മകന്റെ സ്വത്ത് ഇവര്‍ക്ക് പൂര്‍ണമായും എഴുതി നല്‍കാനും ഈ പിതാവ് മറന്നില്ല.
ഭാര്യ മരണപ്പെട്ടതോടെ അടുത്ത ബന്ധുവിന്റെ സഹായത്താലാണ് ഗോപിനാഥപിള്ള വീട്ടില്‍ കഴിഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."