വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്: സെന്‍കുമാറിനെതിരായ കേസ് റദ്ദാക്കി
കൊച്ചി: ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയാനുകൂല്യങ്ങള്‍ നേടിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ഡി.ജി.പിയായിരിക്കെ സെന്‍കുമാര്‍ അവധിയെടുത്ത സമയത്തെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തിരുവനന്തപുരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. പിന്നീട് അദ്ദേഹം വിരമിച്ച ശേഷം സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ എ.ജെ സുക്കാര്‍ണോ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി പരാതി ഡി.ജി.പിക്ക് കൈമാറി. തുടര്‍ന്നാണ് മ്യൂസിയം പൊലിസ് കേസെടുത്തത്.
എന്നാല്‍, തനിക്കെതിരേ മന:പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും ഡി.ജി.പി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയപ്പോള്‍ സുപ്രിംകോടതി ഉത്തരവുമായി തിരിച്ചെത്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ തന്നോട് പക പോക്കുകയാണെന്നും സെന്‍കുമാര്‍ വാദിച്ചു. ഹരജി പരിഗണിച്ച ഹൈക്കോടതി ഉന്നതതല നിര്‍ബന്ധം മൂലമാണ് മ്യൂസിയം പൊലിസ് കേസെടുത്തതെന്ന് വിലയിരുത്തി.
കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതനുസരിച്ചാണ് മ്യൂസിയം പൊലിസിന്റെ നടപടി. ഇതു നിയമവിരുദ്ധമാണ്. കേസെടുത്ത നടപടി ദുരുദ്ദേശ്യപരമാണെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."