ഒത്തുതീര്‍ത്തില്ലെങ്കില്‍ സമരം തുടരും: ഡോക്ടര്‍മാര്‍
കോഴിക്കോട്: ഒ.പി സമയം വര്ധിപ്പിച്ചതിനല്ല സമരമെന്നും കേരളത്തിലെ പൊതുജനാരോഗ്യരംഗത്തെ പിന്നോട്ട് നയിക്കുന്ന ആരോഗ്യനയങ്ങള്ക്കെതിരേയാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്. ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താല്‍മാത്രമേ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനാകുവെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒ.പി സമയം ദീര്‍ഘിപ്പിക്കണമെങ്കില്‍ മിനിമം അഞ്ച് സ്ഥിരം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉണ്ടാവണം. നിലവില്‍ ഒരു ഡോക്ടര്‍ മുന്നൂറും ചിലപ്പോള്‍ അതിലധികവും രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനുപുറമേ മറ്റ് ആരോഗ്യപ്രവര്‍ത്തനങ്ങളിലും പങ്കാളികളാവേണ്ടതുണ്ട്.
കേരളത്തിലെ 650 ഓളം പി.എച്ച്.സികളില്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. താല്‍ക്കാലിക നിയമനങ്ങളല്ല സ്ഥിരം നിയമനങ്ങളാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒ.പി സര്‍വിസ് ബഹിഷ്കരിച്ച് ഇന്നലെ ആരംഭിച്ച സമരം സര്‍ക്കാര്‍ ഒത്തുതീര്പ്പാക്കുന്നില്ലെങ്കില് 18 മുതല്‍ കിടത്തി ചികിത്സ ബഹിഷ്കരണത്തിലേക്കു കടക്കും.
ഇന്നലെ മുതല്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവച്ചിരിക്കയാണ്. എന്നാല്‍ ആശുപത്രികളിലെ അടിയന്തര ശസ്ത്രക്രിയകളും അത്യാഹിത വിഭാഗവും പ്രവൃത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എ.കെ റഊഫ്, വി. ജിതേഷ്, വി.എം സുരേഷ്, രമേശ്, ഷാറൂണ്‍, സുനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."