ഹൃദയഭേദകം
കേവലം എട്ടു വയസു മാത്രം പ്രായമുള്ള കൊച്ചുമിടുക്കി. നിഷ്‌കളങ്കമായ വിടര്‍ന്ന കണ്ണുകളോടെ ചെറുപുഞ്ചിരി തൂകുന്ന ആ കുഞ്ഞുമോളുടെ സുന്ദരചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സത്യത്തില്‍ പടത്തില്‍ കാണുന്നതിനേക്കാള്‍ ചെറുപ്പമാണവള്‍. കഴിഞ്ഞ ജനുവരി 10നാണ് ജമ്മുവിലെ കത്‌വായിലെ രസ്‌ന വില്ലേജില്‍ ബക്കര്‍വാള്‍ നാടോടി കുടുംബത്തില്‍ പെട്ട അവളെ കുടുംബസമേതം താമസിച്ച് വരുന്ന ക്യാംപില്‍ നിന്നുകാണാതാവുന്നത്.
ദുഃഖകരമായ കേസിന്റെ നാള്‍വഴികള്‍
ജനുവരി 12ന് കുട്ടിയെ കാണാതായതായി അവളുടെ പിതാവ് പൊലിസില്‍ പരാതി സമര്‍പ്പിച്ചു. കുട്ടിയുടെ ഛിന്നഭിന്നമായ ശരീരം ജനുവരി 17ന് കണ്ടെത്തി. ഒരു സ്‌പെഷല്‍ പൊലിസ് ഓഫിസറും വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങളുമുള്‍പ്പെടെ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ട് പൊലിസുകാരെയും പ്രതിചേര്‍ത്തു. കേസ് അന്വേഷിച്ച ജമ്മു കശ്മിര്‍ ക്രൈംബ്രാഞ്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ 9ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ പുറം ലോകമറിയുന്നത്.
കുറ്റപത്രത്തില്‍ വ്യക്തമായും ചിത്രങ്ങള്‍ സഹിതവും പരാമര്‍ശിച്ച ആ ഇളം പൈതല്‍ സഹിച്ച പീഡനങ്ങള്‍ക്കും ഭയവിഹ്വലതകള്‍ക്കും കിരാത കൃത്യങ്ങള്‍ക്കും എതിരെ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ ഏതെങ്കിലും ഒരു മനുഷ്യന് സാധിക്കുമോ? പ്രതികളുടെ കൊടുംക്രൂരത കേട്ടപ്പോള്‍ ആത്മരോഷം കൊണ്ടും കോപം കൊണ്ടും വിറയ്ക്കാത്തവരായി ആരുണ്ട്? എന്നാല്‍, ചില രാഷ്ട്രീയ പിന്‍ബലമുള്ളവരാണ് ആ പിഞ്ചുബാലികയെ തട്ടിക്കൊണ്ടുപോയതും ബോധം കെടുത്തിയതും മാറി മാറി ബലാല്‍സംഗം ചെയ്തതുമൊക്കെ. മീററ്റില്‍ നിന്നു കാമം തീര്‍ക്കാനുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു സഹപ്രവര്‍ത്തകനേയും അവര്‍ ക്ഷണിച്ചു. അന്ത്യശ്വാസം വലിക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ബലാല്‍സംഗം ചെയ്യണം എന്നാക്രോശിച്ച് കൊണ്ട് നിത്യശാന്തിയിലേക്ക് യാത്രപോകുന്ന ആ പിഞ്ചോമനയെ വീണ്ടും ബലാല്‍സംഗം ചെയ്ത, മാനവകുലത്തിന് അപമാനമായ പിശാചും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.
ചില ജന്മങ്ങളുണ്ട്. അവര്‍ക്ക് ഈ ദാരുണ സംഭവങ്ങള്‍ യാതൊരു ചാഞ്ചല്യവും വരുത്തിയിട്ടില്ല എന്ന് മാത്രമല്ല നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്താനും അട്ടിമറിക്കാനും എല്ലാ ശ്രമങ്ങളും പ്രത്യക്ഷമായും പരോക്ഷമായും അവര്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. അവര്‍ സാധാരണ പൗരന്മാരാണെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അവര്‍ സംസ്ഥാന മന്ത്രിമാരാണ്, സംഘടനകളെ നയിക്കുന്ന തലപ്പത്തുള്ള നേതാക്കന്മാരാണ്, നീതിയും നിയമവും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കറുത്ത കോട്ടണിഞ്ഞ അഭിഭാഷകരുമാണ്.
അറസ്റ്റ് നടന്ന ഉടനെ സംഘ്പരിവാറിന്റെ ഉപസംഘടനയായ ഹിന്ദു ഏകതാ മഞ്ചിന്റെ നേതൃത്വത്തില്‍ പ്രവിശ്യയില്‍ പ്രക്ഷോഭങ്ങള്‍ ഉടലെടുത്തു. എന്തിനായിരുന്ന രണ്ടു മാസത്തോളം നീണ്ടുനിന്ന ഈ പ്രക്ഷോഭങ്ങളെല്ലാം? സംഭവം നടന്നത് പ്രദേശത്തെ ഒരു അമ്പലത്തിലെ പ്രാര്‍ഥനാ മുറിയില്‍ വച്ചാണ് എന്നതാണ് അവര്‍ കണ്ടെത്തിയ കാരണം. സത്യത്തില്‍ ക്ഷേത്രത്തിലെ പ്രാര്‍ഥനാമുറി അവര്‍ കൊടും കുറ്റകൃത്യം കൊണ്ട് അശുദ്ധമാക്കിയതിന് പ്രതികളെയല്ലേ നിഷ്‌കരുണം ശിക്ഷിക്കേണ്ടത്?
എന്നാല്‍, ഹിന്ദു ഏകതാ മഞ്ചിന്റെ ലക്ഷ്യം അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കലാണ്. അതിന് അവര്‍ കണ്ട ഒരു (കു)തന്ത്രം അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഹിന്ദു സമുദായാംഗങ്ങളും കൊലചെയ്യപ്പെട്ട കുട്ടി മുസ്‌ലിമുമാണ് എന്ന രൂപത്തിലുള്ള ഒരു വര്‍ഗീയ പ്രക്ഷോഭം ഉണ്ടാക്കലുമാണ്.
പരല്‍മീനുകള്‍ മാത്രമല്ല കൊമ്പന്‍ സ്രാവുകള്‍ വരെ ഈ അറസ്റ്റിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് എന്നുള്ളതാണ് യാഥാര്‍ഥ്യം. കൂട്ടുമന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ലാല്‍സിങ്(വനം വകുപ്പ്), ചന്ദര്‍ പ്രകാശ് ഗംഗ(വ്യവസായ വകുപ്പ്) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ പണിമുടക്കുകയും ചെയ്തു. ഇതുവരെ അവരില്‍ ഒരാളെയും ചോദ്യം ചെയ്യുക പോലും ചെയ്തിട്ടില്ല. കാരണം അവര്‍ക്ക് രക്ഷാധികാരികളായി ബി.ജെ.പിയിലെ ഉന്നത നേതൃത്വം പ്രവര്‍ത്തിക്കുന്നു.
ലൈംഗികാതിക്രമങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നത് നമ്മുടെ രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. നിര്‍ഭയ കേസ് ഒരു മുസ്‌ലിം പെണ്‍കുട്ടിക്കാണ് സംഭവിച്ചിരുന്നത് എന്ന് സങ്കല്‍പിക്കുക, ഡല്‍ഹിയിലെ ജനനിബിഡമായ തെരുവോരങ്ങള്‍ നീതിക്ക് വേണ്ടി അലമുറയിടുമായിരുന്നോ? വിരോധാഭാസമെന്ന് പറയട്ടെ, ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധിക്കുന്നത് ഹിന്ദുക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ്.
കത്‌വയിലെ കീഴ്‌വഴക്കങ്ങള്‍ കൊലപാതകങ്ങളും ബലാല്‍സംഗങ്ങളുമൊക്കെ വര്‍ഗീയവല്‍ക്കരിച്ച് ശുഷ്‌കിപ്പിച്ച് കളയുക എന്നത് മാത്രമല്ല, സമൂഹത്തിന്റെ നെഞ്ചില്‍ തറയ്ക്കുന്ന മറ്റൊരു കാര്യം കൂടെയുണ്ട്. കടുംകൈകള്‍ക്കുള്ള ഇരകളെ കണ്ടെത്തുന്നതും വര്‍ഗീയത മാനദണ്ഡമാക്കിയാണ് എന്ന നഗ്ന സത്യം.
ആസൂത്രിത പദ്ധതി
ബക്കര്‍വാള്‍ സമുദായത്തെ പ്രദേശത്ത് നിന്ന് ഭയപ്പെടുത്തി പലായനം ചെയ്യിക്കാന്‍ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നത്രേ ഈ ബലാല്‍സംഗം. സംസ്ഥാനത്തെ നിയമപ്രകാരം ബക്കര്‍വാളുകളും ഗുജ്ജാറുകളും മുസ്‌ലിം മതവിശ്വാസികളും അംഗീകരിക്കപ്പെട്ട പട്ടിക വിഭാഗത്തില്‍ പെട്ടവരാണ്.
ഗുജ്ജാര്‍ സമുദായം സ്വന്തമായി ഭൂപ്രദേശമുള്ളവരും ക്ഷീരമേഖലയില്‍ ജീവിതമാര്‍ഗം തേടുന്നവരുമാണ്. എന്നാല്‍, നാടോടികളായ ബക്കര്‍വാള്‍ സമുദായക്കാര്‍ ഉഷ്ണകാലത്ത് അവരുടെ കന്നുകാലികളുമായി ലഡാക്ക് താഴ്‌വരകളിലേക്ക് ചേക്കേറുകയും ശീതകാലത്ത് ജമ്മുവിലെ വനാന്തരങ്ങളിലേക്ക് തിരിച്ചുപോവാറുമാണ് പതിവ്. ദശാബ്ദങ്ങളായി അവര്‍ ഈ കാടുകളില്‍ താമസിക്കുന്നവരാണ്.
ഹിന്ദുത്വ ആശയങ്ങളുടെ പുനരുദ്ധാനവും ജമ്മുവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ബക്കര്‍വാള്‍, ഗുജ്ജാര്‍ സമുദായങ്ങള്‍ക്ക് എതിരെയുള്ള മുന്നേറ്റത്തിന് കാരണമായി. പ്രദേശത്തെങ്ങാനും അവര്‍ സ്ഥിരവാസമുറപ്പിച്ചാല്‍ നിലവിലെ ഹിന്ദു ജനസംഖ്യ ഗണ്യമായി കുറയുമെന്നും മുസ്‌ലിം ഭൂരിപക്ഷം വര്‍ധിക്കുമെന്നും അവര്‍ ഭയപ്പെട്ടു. ഈ തലതിരിഞ്ഞ നയം ഇവരുടെ മറ്റൊരു കാപട്യം കൂടി മറനീക്കി പുറത്തുകൊണ്ടുവന്നു. മേല്‍ പറഞ്ഞ സമുദായാംഗങ്ങളൊഴികെ മറ്റെല്ലാ കേസുകളിലും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് കാംപയിനുകള്‍ നടത്തുന്ന സംഘ്പരിവാര്‍ ഈ സമുദായങ്ങള്‍ക്ക് വനപ്രദേശത്ത് അവര്‍ക്കുള്ള അവകാശങ്ങള്‍ വകവച്ചു കൊടുക്കുന്ന ഫോറസ്റ്റ് റൈറ്റ്‌സ് ആക്ട് (എഫ്. ആര്‍.എ) 2006 നെതിരെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രയോഗിക്കണമെന്നുള്ള നിലപാട് നടപ്പാക്കുകയും അതുപ്രകാരം കാടിന്റെ മക്കള്‍ക്കുള്ള അവകാശങ്ങള്‍ ഇവരാല്‍ തടയപ്പെടുകയും ചെയ്തു.
വധിക്കപ്പെട്ട കേസില്‍ നീതി ലഭ്യമാക്കാനാവശ്യമായ സത്വര നടപടികള്‍ കൈക്കൊള്ളുന്നതില്‍ മെഹ്ബൂബ മുഫ്തി ഗവണ്‍മെന്റ് പാടേ പരാജയപ്പെട്ടതിനാല്‍ അവര്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിരയായി. മാത്രമല്ല തീര്‍ത്തും നിരാലംബരായ ഒരു വിഭാഗത്തിലെ കുരുന്നിനെ നിഷ്ഠൂരമായി കൊലചെയ്തിട്ടും അത് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച തന്റെ കൂട്ടുമന്ത്രിസഭയിലെ മന്ത്രി പുംഗവന്മാര്‍ക്കെതിരേ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ മെഹ്ബൂബ തയ്യാറായിട്ടില്ല എന്നത് ഈ വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്നു. എന്നാല്‍, അവര്‍ ഇപ്പോള്‍ ഇറക്കിയ പ്രസ്താവനയില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം പ്രതീക്ഷിക്കാമെന്നും യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും നീതി നിര്‍വഹണകാര്യത്തില്‍ അനധികൃതമായ ഒരു ഇടപെടലുകള്‍ഉണ്ടാവുകയില്ല എന്നും ബക്കര്‍വാള്‍ സമുദായത്തിന് എഫ്. ആര്‍.എ ആക്ട് പ്രകാരം ഭൂമി പതിച്ച് നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സം
ഘ്പരിവാറിന്റെ ഇരട്ട മുഖം പലപ്പോഴും പ്രകടമായിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നടന്നുവരുന്ന ഇസ്സത്ത് ചടങ്ങിന് വര്‍ഗീയ പരിവേഷം നല്‍കുന്നത് സംഘികളുടെ ആവനാഴിയിലെ അസ്ത്രങ്ങളിലൊന്നാണ്. മറ്റൊന്ന് ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ മുസ്‌ലിമും ഇര ഹിന്ദുവുമാണെങ്കില്‍ പ്രക്ഷോഭങ്ങളും ആക്രമണങ്ങളും മുസ്‌ലിം സമുദായത്തിനൊന്നടങ്കം എതിരെയായിരിക്കും. അല്ലാത്തപക്ഷം കിംവദന്തികള്‍ ആയുധമാക്കും. മുസഫര്‍ നഗറിലെ ഭീകരമായ വംശീയ കലാപം ഉണ്ടാക്കിയത് മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേട്ട്‌കേള്‍വി മനപ്പൂര്‍വം പരത്തിയായിരുന്നു. ജംഷഡ്പൂരിലുണ്ടായ വര്‍ഗീയ കലാപവും ഇതേ രീതിയില്‍ ഉണ്ടായതാണെന്ന് പൊലിസ് പിന്നീട് സ്ഥിരീകരിച്ചു.
ഉന്നാവോയിലെ കാഴ്ചകള്‍
ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗം ചെയ്തു. എന്നാല്‍, നിരന്തരമായി പൊലിസ് സ്റ്റേഷനില്‍ കയറിയിറങ്ങി പരാതി കൊടുത്തിട്ടും ഭരണകക്ഷിയില്‍പെട്ട എം.എല്‍.എയെ അറസ്റ്റ് ചെയ്യുക പോയിട്ട് ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ വരെ പൊലിസ് വിസമ്മതിച്ചു. ഗത്യന്തരമില്ലാതെയാണ് ആ പെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധം നടത്തേണ്ടി വന്നത്. എന്നാലോ, തുടര്‍ന്നുള്ള സംഗതികള്‍ അതിഭീകരമായിരുന്നു. അവളും കുടുംബാംഗങ്ങളും അതിക്രൂരമായി മര്‍ദിക്കപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.
എന്തൊക്കെയായിരുന്നു ആ മകള്‍ നേരിടേണ്ടി വന്നത്? ചാരിത്ര്യം പിച്ചിച്ചീന്തി, കഷ്ടപ്പെടുത്തി, പരിഹസിച്ചു, ജീവിതമൂല്യങ്ങളെല്ലാം തകര്‍ത്തു. അവസാനം മുഖ്യമന്ത്രിയുടെ പിന്തുണയുള്ള ആ മൃഗത്തിനെതിരേ പരാതിപ്പെട്ടപ്പോള്‍ സ്വന്തം അച്ഛനെ അവര്‍ വധിച്ചു കളഞ്ഞു. ഇത്തരം റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള പാഠം രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കെതിരേ അവര്‍ എന്ത് തെമ്മാടിത്തരം ചെയ്താലും ഒരക്ഷരം ഉരിയാടാന്‍ പാടില്ല എന്നുള്ളതാണോ?
കത്‌വാ, ഉന്നോവ കേസുകളിലെ ഒരു സമാന ഘടകം ബലാല്‍സംഗക്കേസിലെ പ്രതികളെ ബി.ജെ.പി നേതൃത്വവും സംഘ്പരിവാരും പരിധികളില്ലാതെ സംരക്ഷിച്ച് കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്. ഗോരക്ഷ എന്ന ലേബലില്‍ അഴിച്ച് വിട്ട ഗുരുതരവും വഞ്ചനാപരവുമായ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ അതിന് പുറമെ മറ്റൊരു രാഷ്ട്രീയ ബ്രാന്‍ഡ് കൂടി ഉടലെടുത്തിരിക്കുന്നു. ബലാല്‍സംഗ രക്ഷ.
കേന്ദ്ര മന്ത്രി വി.കെ സിങിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഞങ്ങള്‍ മനുഷ്യരെന്ന നിലയില്‍ അവളോട് പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ എന്ന പദത്തിന് ജമ്മുവിലുള്ള അദ്ദേഹത്തിന്റെ അനുയായികളും പാര്‍ട്ടിപ്രവര്‍ത്തകരുമെന്നര്‍ഥം. അവരോ ഇപ്പോഴും പ്രതികള്‍ക്ക് വേണ്ടി അശ്രാന്തം പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. അവരെ മനുഷ്യജന്മമായി കാണാമോ എന്ന ചോദ്യമാണ് എനിക്കുന്നയിക്കാനുള്ളത്.
പ്രധാനമന്ത്രിയുടെ സ്ത്രീ ശാക്തീകരണ നയവും ബേട്ടീ ബച്ചാവോ,ബേട്ടീ പഥാവോ കാംപയിനുമൊക്കെ വെറും വാചകങ്ങളിലൂടെ മാത്രം പ്രതിഫലിക്കുന്നു. രാജ്യത്തെ നടുക്കുന്ന കൊടും കുറ്റകൃത്യങ്ങളുടെ ഉടമകളും അവരെ സംരക്ഷിക്കുന്നവരും തന്റെ നേതൃത്വത്തിന് കീഴിലായിരുന്നിട്ടും അദ്ദേഹം ദീര്‍ഘമൗനം തുടരുകയാണ്.
(കടപ്പാട്: ദി ഹിന്ദു)
(മൊഴിമാറ്റം: അഡ്വ.അബ്ദുല്ല ഷെഫീക്കലി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."