ട്രംപ് മാഫിയാത്തലവനും വേശ്യാപാര്‍ട്ടികളിലെ ക്ഷണിതാവും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ കടുത്ത വിമര്‍ശനവുമായി പുറത്തിറങ്ങാനിരിക്കുന്ന എഫ്.ബി.ഐ മുന്‍ ഡയരക്ടറുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകം വിവാദത്തില്‍. മാസങ്ങള്‍ക്കു മുന്‍പ് ട്രംപ് പുറത്താക്കിയ ജെയിംസ് കോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന 'എ ഹൈയര്‍ ലൊയാലിറ്റി: ട്രൂത്ത്, ലൈസ് ആന്‍ഡ് ലീഡര്‍ഷിപ്പ് ' എന്ന പുസ്തകമാണു അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കം സൃഷ്ടിക്കാനിരിക്കുന്നത്. പുസ്തകം പുറത്തുവരും മുന്‍പ് തന്നെ കടുത്ത വിമര്‍ശനവുമായി ട്രംപ് തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്.
ട്രംപിനെ മാഫിയ സംഘത്തലവനായി പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ മോസ്‌കോയില്‍ ട്രംപ് വേശ്യകളോടൊപ്പം സംഗീത പരിപാടികളില്‍ പങ്കെടുത്തതടക്കമുള്ള വെളിപ്പെടുത്തലുമുണ്ട്. പുസ്തകം അടുത്ത ചൊവ്വാഴ്ചയാണു പ്രകാശിതമാകുന്നത്. എന്നാല്‍, അതിനു മുന്‍പ് തന്നെ അഡ്വാന്‍സ് കോപികള്‍ യു.എസ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍നിന്നുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ജനുവരിയില്‍ പുറത്തുവന്ന യു.എസ് മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ വോള്‍ഫിന്റെ 'ഫയര്‍ ആന്‍ഡ് ഫ്യുരി: ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസ് ' എന്ന പുസ്തകവും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ട്രംപിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. പുസ്തകം വിവാദമായതോടെ കോമിക്കെതിരേ കടുത്ത വിമര്‍ശനമാണ് ട്രംപ് അഴിച്ചുവിട്ടിരിക്കുന്നത്. കോമി ബലഹീനനും സത്യസന്ധതയില്ലാത്തവനുമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. തെളിയിക്കപ്പെട്ട ചോര്‍ത്തലുകാരനും കള്ളനുമാണ് അയാളെന്നും കഴിഞ്ഞ വര്‍ഷം മെയില്‍ തന്നെ ഇത്തരമൊരാളെ പുറത്താക്കാനായത് വലിയ അംഗീകാരമാണെന്നും ട്രംപ് പ്രതികരിച്ചു. പുസ്തകത്തിന്റെ പ്രകാശനം തടയാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങളും മറ്റ് ട്രംപ് അനുകൂലികളും ചേര്‍ന്ന് ഓണ്‍ലൈന്‍ കാംപയിനിനും തുടക്കമിട്ടിട്ടുണ്ട്. ലയിങ്‌കോമി.കോം എന്ന പേരില്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്താണ് പുസ്തകം പുറത്തുവരുന്നതു തടയാന്‍ സംഘം ശ്രമം നടത്തുന്നത്.
പുസ്തകത്തില്‍ മാഫിയാ സംഘമായ ഗാമ്പിനോ അടക്കമുള്ള ഗുണ്ടാ തലവന്മാരായുമായാണ് കോമി ട്രംപിനെ താരതമ്യം ചെയ്യുന്നത്. മുന്‍പ് ട്രംപുമായി നടത്തിയ സംഭാഷണങ്ങളില്‍നിന്നു തനിക്കു വ്യക്തമായ കാര്യങ്ങളാണിവയെന്നും കോമി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."