സിറിയയെ അക്രമിച്ചാല്‍ തിരിച്ചടി ഉറപ്പ്: റഷ്യ
മോസ്‌കോ: രാസായുധ പ്രയോഗത്തിന്റെ പേരില്‍ സിറിയയെ അമേരിക്ക അക്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് റഷ്യ. അതു പുതിയൊരു യുദ്ധത്തിനായിരിക്കും തുടക്കമിടുകയെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യക്കെതിരായ അജന്‍ഡയുടെ ഭാഗമായി വിദേശ സംഘങ്ങള്‍ നടത്തിയ നാടകമാണ് സിറിയ രാസായുധം പ്രയോഗിച്ചെന്ന ആരോപണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. അമേരിക്ക സഖ്യകക്ഷികളായ ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയോടൊപ്പം ചേര്‍ന്ന് സിറിയയെ ആക്രമിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണു മുന്നറിയിപ്പുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്.
ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സെര്‍ജി ലാവ്‌റോവ്. ഒരു രാജ്യത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന റഷ്യാഫോബിക് കാംപയിനിന്റെ ഭാഗമായി ചമച്ചുണ്ടാക്കിയ നാടകമാണെന്നതിന് തങ്ങളുടെ പക്കല്‍ നിഷേധിക്കാനാകാത്ത തെളിവുകളുണ്ടെന്ന് ലാവ്‌റോവ് പറഞ്ഞു. ബ്രിട്ടനെ സൂചിപ്പിച്ചായിരുന്നു ലാവ്‌റോവിന്റെ ആരോപണം. വിഷയം സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി യോഗം ചേരണമെന്ന് റഷ്യ യു.എന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുത്തന്റെ പുലര്‍കാലത്തെ മാനസികാവസ്ഥയെ ആശ്രയിച്ചാവരുത് അന്താരാഷ്ട്ര ബന്ധങ്ങള്‍ പുലരുന്നതെന്ന് ട്രംപിന്റെ ട്വീറ്റുകളെ സൂചിപ്പിച്ച് റഷ്യന്‍ ഉപപ്രധാനമന്ത്രി അര്‍കാഡി ഡിവോര്‍ക്കോവിച്ച് വ്യക്തമാക്കി. ഈ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ റഷ്യ-യു.എസ് യുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ സൂചന നല്‍കിയിട്ടുണ്ട്. യുദ്ധം ഒഴിവാക്കുന്നതിനാണു പ്രാഥമിക പരിഗണനയെന്നും തിരിച്ചുണ്ടായാല്‍ പിന്നെ മടക്കമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
റഷ്യയ്ക്കു പിന്തുണയുമായി സിറിയയുടെ മറ്റൊരു സഖ്യരാജ്യമായ ഇറാനും രംഗത്തെത്തിയിട്ടുണ്ട്. രാസായുധ പ്രയോഗ ആരോപണങ്ങളെ ഇറാനും നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ട്രംപിനും നെതന്യാഹുവിനും പൂര്‍ണമായും ബോധം നഷ്ടപ്പെട്ടാലല്ലാതെ മേഖലയില്‍ യുദ്ധത്തിനു സാധ്യതയില്ലെന്ന് ഇറാന്റെ പിന്തുണയുള്ള ശീഈ സംഘമായ ഹിസ്ബുല്ല വ്യക്തമാക്കി.
അതിനിടെ, രാസായുധ പ്രയോഗമുണ്ടായതായുള്ള ആരോപണം അന്വേഷിക്കാനായി രാജ്യാന്തര ആണവ വിരുദ്ധ സംഘം സിറിയയിലേക്കു തിരിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സ് കേന്ദ്രമായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ്(ഒ.പി.സി.ഡബ്ല്യു) സംഘമാണു സംഭവം നടന്ന കിഴക്കന്‍ ഗൂഥയിലെ ദൂമയിലെത്തുന്നത്. സംഘം ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.
യു.എസ് മിസൈലുകള്‍ അധികം വൈകാതെ സിറിയയിലെത്തുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിറിയയ്‌ക്കെതിരേ അമേരിക്ക ആക്രമണം നടത്തുകയാണെങ്കില്‍ കൂടെ ചേരാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. അത്യാവശ്യമായ മുഴുവന്‍ വിവരവും ലഭിച്ചാല്‍ ഉടന്‍ നടപടിയിലേക്കു നീങ്ങാനാണ് ഫ്രാന്‍സിന്റെ തീരുമാനം. സിറിയ രാസായുധം പ്രയോഗിച്ചതിനു തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."