പരിസ്ഥിതിദിന സമ്മാനമായി ഉദ്യാനറാണിയില്‍ സസ്യോദ്യാനം
മലമ്പുഴ : കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴയില്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലോകപരിസ്ഥിതിദിന സമ്മാനമായി സന്ദര്‍ശകര്‍ക്കായി തുറന്നുകെടുക്കുന്നു. ഇന്ന് രാവിലെ 9.30ന് എക്‌സിക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പത്മകുമാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. പുഷ്പ ഉത്സവത്തിന് പേര് കേട്ട ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഡാര്‍ഡന്റെ മാതൃകയിലാണ് മലമ്പുഴ ഗാര്‍ഡനിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുങ്ങിയിരിക്കുന്നത്.
ഇന്ത്യയില്‍ കണ്ടുവരുന്ന 5000ത്തോളം ഔഷധസസ്യങ്ങള്‍ മൂന്നുഘട്ടങ്ങളിലായാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം 500ലധികം സസ്യങ്ങളെ ഗാര്‍ഡനില്‍ എത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘനയായ സംസ്‌കാര, ചിറ്റൂര്‍ ഗവ.കോളജ്, പാലക്കാട് ഗവ.കോളജ് എന്നിവിടങ്ങളിലെ ബോട്ടണി വിഭാഗവുമായി സഹകരിച്ചാണ് ഉദ്യാനത്തിനകത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സജ്ജമാക്കിയിട്ടുള്ളത്. ഗാര്‍ഡനിലേക്കുള്ള ഔഷധസസ്യങ്ങള്‍ എത്തിച്ചിരിക്കുന്നത് വയനാട്, കൊല്ലം, ഇടുക്കി എന്നിവയ്ക്കുപുറമെ ഊട്ടി, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ്.
ഗാര്‍ഡനിലെ ഔഷധസസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങളും ഇവ കണ്ടുവരുന്ന സ്ഥലങ്ങളുമെക്കെ ഉള്‍പ്പെടുന്ന വിവരണങ്ങളും സസ്യങ്ങളുടെ ചുവട്ടില്‍ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മലമ്പുഴ ഉദ്യാനത്തിനകത്ത് ജലസേചന വകുപ്പിന്റെ കീഴിലുള്ള രണ്ടേക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയിട്ടുള്ളത്. മലമ്പുഴയിലെ വനത്തില്‍ കണ്ടുവരുന്ന ഔഷധസസ്യങ്ങളും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഉണ്ടാകും.
മലമ്പുഴ സന്ദര്‍ശകസമിതി വനവകുപ്പ് എന്നിവരുടെ സംയുക്ത സഹരണത്തോടെ 5000ത്തോളം വിവിധ ഇനത്തിലുള്ള വൃക്ഷങ്ങളും ഉദ്യാനത്തിനകത്തും പരിസരത്തുമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് ഗാര്‍ഡന്‍ ഒവര്‍സിയര്‍ ആര്‍.പ്രസാദ് അറിയിച്ചിട്ടുണ്ട്. ഉദ്യാനത്തിനകത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരുന്നതോടെ സന്ദര്‍ശകരുടെയും പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."