കാവേരി: തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തിപ്പെടുന്നു; 2 പേര്‍കൂടി ജീവനൊടുക്കി
ചെന്നൈ: സുപ്രിം കോടതി നിര്‍ദേശപ്രകാരം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരും സിനിമാ പ്രവര്‍ത്തകരും ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ ശക്തമായി. വിരുദനഗറിലും കരൂരിലും സുരേഷ് ശരവണന്‍ (50), പ്രഭു (49) എന്നീ കര്‍ഷകര്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇതോടെ കാവേരി പ്രശ്‌നത്തില്‍ മരിച്ചവരുടെ എണ്ണം ആറായി .
ഡി.എം.കെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ തുടങ്ങി വച്ച പ്രക്ഷോഭത്തിന് തമിഴ് സിനിമാ ലോകവും സാമൂഹിക- സംസ്‌കാരിക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതോടെ കാവേരി പ്രശ്‌നം തമിഴ് മക്കളുടെ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ബന്ദ്, തീവണ്ടിതടയല്‍, കേന്ദ്രസര്‍ക്കാര്‍ ഓഫിസ് ഉപരോധം തുടങ്ങിയ പ്രക്ഷോഭങ്ങളെല്ലാം തന്നെ സമാധാനപരമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ പ്രക്ഷോഭം നിയന്ത്രണം വിടുന്നതായുള്ള മുന്നറിയിപ്പാണ് അധികൃതര്‍ക്ക് നല്‍കുന്നത്.
പൊള്ളാച്ചിയിലെ ഊത്തുക്കളി റെയില്‍പാളത്തില്‍ ബോംബ് പൊട്ടിയതും തഞ്ചാവൂരില്‍ കര്‍ണാടക ബാങ്കിനു നേരെ കരി ഓയില്‍ പ്രയോഗം ഉണ്ടായതും ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിനു നേരെ കല്ലേറുണ്ടായതുമെല്ലാം പ്രക്ഷോഭം നിയന്ത്രണം വിടുന്നതിന്റെ സൂചനയാണ്.
സേലം, ഹൊസൂര്‍, കോയമ്പത്തൂര്‍, മധുര, ദിണ്ഡിഗല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ണാടക വാഹനങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കരിങ്കൊടി പ്രതിഷേധം വന്‍ വിജയമായിരുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടാണ് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുംവരെ മൗനം തുടരാനാണ് ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും തീരുമാനമെങ്കിലും തമിഴ് നാട്ടിലെ പ്രക്ഷോഭ കൊടുങ്കാറ്റ് കേന്ദ്രത്തെ പിടിച്ചുലക്കുകയാണ്. കാവേരി പ്രക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ തലവേദന നേരിടുന്നത് സംസ്ഥാന ബി.ജെ.പിയും അണ്ണാ ഡി.എം.കെ സര്‍ക്കാരുമാണ്. ജനങ്ങളുടെ പക്ഷത്താണെന്ന് വരുത്തി തീര്‍ക്കാന്‍ മുഖ്യമന്ത്രി ചില തന്ത്രങ്ങള്‍ നടത്തിയെങ്കിലും അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല.
കാവേരിയുടെ പേരില്‍ ബി.ജെ.പി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലും, കര്‍ണാടകയിലും രജിസ്‌ട്രേഷന്‍ നോക്കി വാഹനങ്ങള്‍ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു തുടങ്ങിയതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."