പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചു: മോക്ഷം കിട്ടാതെ പാര്‍വതി പുത്തനാര്‍
വേളി : സംരക്ഷണ പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചതോടെ മാലിന്യ പ്രശ്‌നത്തില്‍ നിന്ന് മോക്ഷംകിട്ടാതെ പാര്‍വതി പുത്തനാര്‍. മാറി മാറി വന്ന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല.
മദ്യക്കുപ്പികള്‍ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും കക്കൂസ് മാലിന്യം കൊണ്ടും നഗരത്തിലെ മറ്റു മാലിന്യങ്ങള്‍ കൊണ്ടും നിലനില്‍പ്പ് പോലും അപകടമായ വിധത്തിലാണ് പുത്തനാറിന്റെ സ്ഥിതി.
തിരുവനന്തപുരത്തെ വള്ളക്കടവ്(കല്പാക്കടവ്) മുതല്‍ വര്‍ക്കലകുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി നിര്‍മിച്ച ജലപാതയായിരുന്നു പാര്‍വതി പുത്തനാര്‍.
1824ല്‍ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാര്‍വ്വതി ഭായിയാണ് ഈ ചാല്‍ നിര്‍മിച്ചത്. 1998ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആറ്റിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി ലോകാരോഗ്യ സംഘടനയില്‍ നിന്ന് നൂറ് കോടി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. എന്നാല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പകരം മണല്‍ കടത്തിനാണ് പാര്‍വതീ പുത്തനാര്‍ വേദിയായത്.
ചെളിവാരാന്‍ കൊണ്ടുവന്ന ഡ്രെഡ്ജ്ജിങ് ബോട്ടിനെ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൊളിച്ചടുക്കി സ്വകാര്യ മണല്‍ ലോബിയുടെ ജെ.സി.ബിക്ക് വരാനുള്ള അവസരം ഒരുക്കിക്കൊടുത്തു. നിയമാനുസൃതമുള്ള പാസ് പ്രകാരം ലോഡൊന്നിന് ആയിരം രൂപയാണ് ഇറിഗേഷന്‍ വകുപ്പ് ഈടാക്കിയത്.
ഒരു പാസ്സ് ഉപയോഗിച്ച് പ്രതിദിനം പത്തോളം ടിപ്പറുകളില്‍ മണല്‍ കടത്തിവന്നു.
അനുവദനീയമായ ഒന്നര മീറ്റര്‍ താഴ്ചയെക്കാള്‍ ആറ് മീറ്ററിലധികം ആഴത്തിലാണ് മണല്‍ ഖനനം നടത്തിയത്.
അനധികൃതമായ മണലെടുപ്പില്‍ വി.എസ്.എസ്.സി മതില്‍ തകര്‍ച്ചാഭീഷണിയിലായി. വി.എസ്.എസ്.സി അധികൃതരുടെ പരാതിയുടെ തുടര്‍ന്ന് കോടതി സ്റ്റേ പുറപ്പെടുവിച്ചതോടെയാണ് ഇവിടത്തെ മണല്‍ കടത്ത് നിലച്ചത്.
പിന്നീട് എ.കെ. ആന്റണിയും വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടി രണ്ട് പ്രാവശ്യവും സംസ്ഥാനം ഭരിച്ചപ്പോഴും വിവിധ പദ്ധതികളില്‍പെടുത്തി പാര്‍വതി പുത്തനാറിനായി ഫണ്ട് അനുവദിച്ചിരുന്നു. ഒന്നും നടന്നില്ലെന്നതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."