കത്‌വ കൊലപാതകം; ജില്ലയില്‍ വ്യാപക പ്രതിഷേധം
തൊടുപുഴ: ജമ്മുകാശ്മീരില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. വിവിധ മഹല്ല് കമ്മറ്റികള്‍, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഫാസിസ്റ്റ് ഭീകരതക്കെതിരെ സമൂഹ മനസ്സാക്ഷിയുടെ പിന്തുണ അഭ്യര്‍ഥിച്ചും മാനവികതയോടുള്ള ഇത്തരം ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടും സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ണപ്പുറത്ത് സംഘടിപ്പിച്ച റാലി ശ്രദ്ധേയമായി.
ജുമാ നമസ്‌കാരത്തിന് ശേഷം വണ്ണപ്പുറം ടൗണ്‍ ജുമാ മസ്ജിദില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയില്‍ ശുഭ്ര വസ്ത്ര ധാരികളായ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ടൗണ്‍ ചുറ്റി റാലി വണ്ണപ്പുറം അമ്പലപ്പടിയില്‍ സമാപിച്ചു. റാലിക്കും പ്രതിഷേധ സമ്മേളനത്തിനും ഷിഹാബുദ്ദീന്‍ വാഫി, മുഹമ്മദ് സലീം നദ്‌വി, നിയാസ് സഖാഫി തുടങ്ങിയ മതപണ്ഡിതരും വിവിധ മഹല്ല് ഭാരവാഹികളായ കെ.എം പരീത് കക്കാട്ട്, അബ്ദുല്‍ കരീം റാവുത്തര്‍ കളപ്പുരക്കല്‍, അബ്ദുല്‍ അസീസ് പുതിയകുന്നേല്‍, പി.എസ് കാസിം പള്ളിമുക്കില്‍, പി.ബി ഷെരീഫ് എന്നിവരും നേതൃത്വം നല്‍കി.
തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃതത്തില്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ അഗ്നി സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഡി.സി.സി മുന്‍ പ്രസിഡന്റ് റോയി കെ. പൗലോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍.ഐ ബെന്നി, വി.ഇ താജുദ്ദീന്‍, അക്ബര്‍ ടി.എല്‍, പി.ജെ തോമസ്, വി.എ ഷാഹുല്‍, മുഹമ്മദ് അന്‍ഷാദ് പങ്കെടുത്തു. മേഖലാതലങ്ങളില്‍ എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ പരിപാടികളില്‍ നിരവധിപേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."