പുതിയ അധ്യായന വര്‍ഷത്തേക്ക് 2839 ഹൈടെക് ക്ലാസ് മുറികള്‍
ആലപ്പുഴ: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ് റൂമുകളും പൂര്‍ണമായി ഹൈടെക്കാവുന്നു.
സര്‍ക്കാര്‍, എയ്ഡസ് സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമായി നവീകരിക്കപ്പെടും. 193 ഹൈസ്‌കൂളുകള്‍, 111 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, 21 വി.എച്ച്.എസ്.സി സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് ആധുനിക പഠന സൗകര്യങ്ങള്‍ തയ്യാറാവുന്നത്. പുതിയ അധ്യയന വര്‍ഷം ഇത്തരത്തില്‍ 2839 ക്ലാസ് മുറികളില്‍ ഹൈടെക് സംവിധാനങ്ങള്‍ വരും.
1866 ഹൈസ്‌കൂള്‍ ക്ലാസ് മുറികള്‍, 847 ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികള്‍, 104 വി.എച്ച്.എസ്.സി ക്ലാസ് മുറികള്‍ എന്നിവ ആധുനിക സൗകര്യങ്ങളോടെ പുതിയ അധ്യയന വര്‍ഷം കുട്ടികളെ വരവേല്‍ക്കും.സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത് അതത് സ്‌കൂളുകള്‍ തന്നെയാണ്.
പുതിയ ക്ലാസ് മുറികളിലേക്ക് ആവശ്യമായ ലാപ്‌ടോപ്, പ്രൊജക്ടര്‍ എന്നിവ സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര് എഡ്യൂക്കേഷന്‍ ആണ് നല്‍കുന്നത്. ഒപ്പം സ്‌ക്രീന്‍, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പ് എന്നിവയും ഓരോ ക്ലാസ് റൂമിലും ഉണ്ടാകും. എല്ലാ ക്ലാസ് മുറികളിലും ബ്രോഡബാന്റഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ തയ്യാറാക്കിട്ടുണ്ട്.
ജില്ലയിലെ എട്ടു മുതല്‍ 12വരെയുള്ള ക്ലാസ് മുറികളാണ് പുതിയ അധ്യയനവര്‍ഷം പുതിയ രൂപത്തിലേക്ക് മാറുന്നത്. ആകെ 325 സ്‌കൂളുകളിലെ ക്ലാസ് മുറികളാണ് ഹൈടെക്കാവുക.
സ്‌കൂള്‍ തലത്തില്‍ 65 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായിട്ടുണ്ട്. ക്ലാസ് മുറികള്‍ നോക്കിയാല്‍ 77 ശതമാനം ക്ലാസ് മുറികളും ഹൈടെക്കാവുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ സ്‌കൂളുകളിലെല്ലാം ക്ലാസ് മുറിയില്‍ ഇന്റര്‍നെറ്റ് സൗകര്യവും തയ്യാറായിട്ടുണ്ട്. സൗകര്യമില്ലാത്ത സകൂളുകളില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനകളുടെ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യയന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പും കാര്യമായ ഇടപെടീലുകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഓരോ സ്‌കൂളിന്റെയും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂളിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. സ്ഥലത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് അക്കാദമിക് കലണ്ടര്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതനുസരിച്ച് പ്രശ്‌നപരിഹാരം കാണുകയാണ് ലക്ഷ്യം. സ്‌കൂളൂകളുടെ മികവ് പ്രകടിപ്പിക്കാനുള്ള അവസരമാക്കി ഓരോ സ്‌കൂളിലും മികവുത്സവം സംഘടിപ്പിക്കും. ഇത് ഇപ്പോള്‍ നടന്നുവരുകയാണ്.
സ്‌കിറ്റ് , നാടകം, എന്നിവ പി.ടി.എയുടെ സഹായത്തോടെ സംഘടിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെ നാല് പ്രധാന മിഷന്‍ പദ്ധതികളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തന്റെ ഭാഗമായാണ് ഇത്തരത്തില്‍ അധ്യയന നിലവാരം ഉയര്‍ത്തുന്നതിനുള്ള സാങ്കേതിക മികവിലേക്ക ക്ലാസ് മുറികളെ മാറ്റുന്നത്. ഇതോടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മികവോടെ പഠിച്ചുയരാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."