ജില്ലാതല വിഷു ചന്ത തുടങ്ങി
ആലപ്പുഴ: രാസവസ്തുക്കളെ പാടെ ഉപേക്ഷിച്ച് തികച്ചും ജൈവമായ രീതിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്തു വിപണിയില്‍ എത്തിക്കുന്നതില്‍ കുടുംബശ്രീയുടെ പങ്ക് വളരെ വലുതും അഭിനന്ദനാര്‍ഹവുമാണെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍ പറഞ്ഞു.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ജില്ലാതല വിഷു ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഡി.എം.സി. സുജാ ഈപ്പന്‍. മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതി പ്രകാരം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളായാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. ജില്ലയില്‍ മുന്‍കാലങ്ങളില്‍ തരിശു നിലമായി കിടന്ന സ്ഥലങ്ങള്‍ പലതും ഇന്ന് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കൃഷിയിടങ്ങളാണെന്നും ഡി.എം.സി. കൂട്ടിച്ചേര്‍ത്തു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്. കുറുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. രമണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി.ജെ. വര്‍ഗ്ഗീസ്, പഞ്ചായത്തംഗം ശാന്തകുമാരി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോന്‍, മെമ്പര്‍ സെക്രട്ടറി വിനോദ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അശ്വതി മോഹന്‍, രേഷ്മാ രവി, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരായ സുരമ്യ അജീഷ്, സിമി ഒ.വി. എന്നിവര്‍ പ്രസംഗിച്ചു.
കുടുംബശ്രീ അംഗങ്ങള്‍ കൃഷി ചെയ്‌തെടുത്ത ചീര, വെള്ളരി, മത്തന്‍, പയര്‍, എളവന്‍, പാവല്‍, കറി നാരങ്ങാ, ചെറു ചേമ്പ്, പൊട്ട് വെള്ളരി, ഇഞ്ചി, പടവലം, മുരിങ്ങ, ചേന, മാങ്ങാ, ചക്ക, ചക്കകുരു എന്നിവയാണ് കുടുംബശ്രീയുടെ ജില്ലാ വിഷു ചന്ത സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും ഇത്തരത്തില്‍ വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."