രൂക്ഷമായ കുടിവെള്ള ക്ഷാമം; പഞ്ചായത്തിന് അലംഭാവമെന്ന് യു.ഡി.എഫ്
വാടാനപ്പള്ളി: കടുത്ത വേനലിനെ തുടര്‍ന്നു രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയും വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണം കാര്യക്ഷമമല്ലാതാകുകയും ചെയ്തു ജനങ്ങള്‍ ദുരന്തം നേരിടുമ്പോള്‍ അടിയന്തിര പ്രാധാന്യമുള്ള കുടിവെള്ള വിഷയത്തില്‍ പഞ്ചായത്ത് തികഞ്ഞ അലംഭാവമാണു കാണിക്കുന്നതെന്നു യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു.
വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ സ്ഥാപിച്ച കിയോസ്‌ക്കുകളില്‍ വെള്ളം വിതരണം ചെയ്യാനും കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ തനതു ഫണ്ടുപയോഗിച്ചു പുതിയ ജല കിയോസ്‌ക്കുകള്‍ സ്ഥാപിച്ചു ജലവിതരണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനങ്ങള്‍ ശുദ്ധജലത്തിനായി അവസാന ആശ്രയമായി കരുതുന്ന വാട്ടര്‍ അതോറിറ്റി ജലവിതരണത്തില്‍ പരാജയമാണ്.
തകരാറിലായി മാസങ്ങള്‍ പിന്നിട്ടിട്ടും ജലവിതരണത്തിലെ തടസങ്ങള്‍ മാറ്റുന്നതിനും ഉപയോഗശൂന്യമായി കിടക്കുന്ന ലൈന്‍ പൈപ്പുകള്‍ അത്യാവശ്യ സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നതിനും പഞ്ചായത്ത് വാട്ടര്‍ അതോറിറ്റി സംയുക്ത പരിശോധനയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യാത്രാ ദുരിതം നേരിടുന്ന പഞ്ചായത്തിലെ റോഡുകള്‍ തുക വകയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കാലാവധി കഴിഞ്ഞിട്ടും പണി തുടങ്ങാന്‍ തയ്യാറാകാത്ത നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ടെന്‍ഡര്‍ ലഭിച്ചിട്ടും പണി തുടങ്ങാതെ ധിക്കാരം കാണിക്കുന്ന കരാറുകാരെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അവതരിപ്പിക്കാനും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ. ചേറ്റുവയെ യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ യു.ഡി.എഫ് ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ ചേറ്റുവ അധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ ഒ.കെ പ്രൈസണ്‍, സുമയ്യ സിദ്ധീക്ക്, ബീന സിങ് പണ്ടാരത്തില്‍, എ.ബി ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."