മലയാളി മണ്ണില്‍ കണികാണാനും കണിവെള്ളരി തമിഴ്‌നാട്ടില്‍ നിന്ന്
കൊഴിഞ്ഞാമ്പാറ: മലയാളമാസത്തിലെ മേടപ്പുലരിയില്‍ മലയാളിക്കു വിഷുനാളില്‍ കണികാണണമെങ്കില്‍ ഇത്തവണയും തമിഴന്റെ കനിവുണ്ടാകണം. സംസ്ഥാനത്ത് കടുത്ത വേനലും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയിലെ ദൗര്‍ലഭ്യവുമാണ് കണികാണാനുള്ള വെള്ളരിക്കക്കും തമിഴ്‌നാടിനെ തന്നെ ആശ്രയിക്കേണ്ടി വന്നത്.
ജില്ലയിലെ പച്ചക്കറി ഉല്‍പ്പാദ മേഖലയായ എരുത്തേമ്പതി, വടകപരപതി എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മാത്രമാണ് ഇത്തവണ കര്‍ഷകര്‍ വെള്ളരിക്ക കൃഷിയിറക്കിയിരിക്കുന്നതെന്നിരിക്കെ വിപണിയില്‍ ആവശ്യത്തിനുള്ള വെള്ളരി തമിഴ്‌നാട്ടില്‍ നിന്നുമെത്തണം.
വേനല്‍വിളയാണെങ്കിലും കാലാവസ്ഥാ വ്യതിയാനമാണ് പലരെയും വെള്ളരിക്കയില്‍ നിന്നും പിന്തിരിപ്പിച്ചത്. കിഴക്കന്‍ മേഖലയില്‍ കാലങ്ങളായി 3 സീസണുകളില്‍ 15 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ചൊരുക്കുന്ന വെള്ളരികൃഷിയിപ്പോള്‍ 3 ഹെക്ടറില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം ഇത്തവണ ആകെയുല്‍പ്പാദനം 155 ടണ്ണില്‍ താഴെ മാത്രമാണെന്നിരിക്കെ ബാക്കിയുള്ളവ തമിഴ്‌നാട്ടില്‍ നിന്നുമിറക്കണം.
കൊല്ലങ്കോട് മേഖലയില്‍ 3 ഹെക്ടര്‍ സ്ഥലത്ത് വിളയിറക്കിയിട്ടുണ്ടെങ്കിലും ഉല്‍പാദനം 1.55 ടണ്ണില്‍ താഴെ മാത്രമാണ്. മുന്‍വര്‍ഷങ്ങളില്‍ ജില്ലയില്‍ 25 ഹെക്ടര്‍ സ്ഥലത്ത് വെള്ളരികൃഷി ചെയ്തിരുന്നുവെങ്കിലും ഇത്തവണ അത് പത്തേക്കറില്‍ താഴെയായിരിക്കുകയാണ്. 160 ടണ്ണോളം ഉല്‍പാദിപ്പിച്ചിരിക്കുന്ന വി.എഫ്.പി.സി ക്കാകട്ടെ ഇത്തവണ 50 ടണ്ണില്‍ താഴെ മാത്രമാണ്. വിളവിറക്കിയെങ്കിലും ജലക്ഷാമം മൂലവും കാലാവസ്ഥാ വ്യതിയാനവും മൂലം വിപണിയില്‍ വില ലഭിക്കാതെ വരുമോയെന്നതിനാലും വലിയ സാമ്പത്തിക നഷ്ടം വരുമെന്നതിനാലുമാണ് പല കര്‍ഷകരും ഇത്തവണ വെള്ളരികൃഷിയില്‍ നിന്നും പിന്മാറാന്‍ കാരണം.
ഇപ്പോള്‍ വെള്ളരിക്ക് വിപണിയില്‍ കിലോക്ക് 20 രൂപയാണെങ്കിലും വിഷുവോടുകൂടി ഇനിയും വില കൂടും. എന്നാല്‍ വിപണിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാടന്‍ വെള്ളരിയെന്ന പേരില്‍ വില്‍ക്കുന്നതാകട്ടെ തമിഴ്‌നാട് വെള്ളരിയും.
ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ വിളയിറക്കിയ കണി വെള്ളരി വിപണിയില്‍ നാമമാത്രമായിരുന്നെങ്കിലും വില അതും കൂടുതലാണ്. അതിര്‍ത്തി കടന്ന് ടണ്‍ കണക്കിന് വെള്ളരി എത്തുമെങ്കിലും മലയാളിക്ക് കണികാണാന്‍ നാടന്‍ വെള്ളരിതന്നെ വേണം. വിഷു അടുക്കുന്നതോടെ വിപണിയില്‍ വെള്ളരിയുടെ ഡിമാന്റ് ഏറിവരുമെന്നിരിക്കെ കൂടുതല്‍ നാടന്‍ വെള്ളരിക്ക് വിപണി പിടിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."