കുഴല്‍മന്ദം കാലിചന്തക്ക് പരാധീനതകള്‍ മാത്രം
കുഴല്‍മന്ദം: സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ കാലിചന്തയായ കുഴല്‍മന്ദം കാലിചന്തക്ക് കാലങ്ങള്‍ താണ്ടുമ്പോഴും പറയാന്‍ പരാധീനതകള്‍ മാത്രം. പാലക്കാട് - തൃശൂര്‍ ദേശീയ പാതയില്‍ കുഴല്‍മന്ദത്ത് കാണുന്ന രണ്ടേക്കറോളം സ്ഥലത്താണ് ശനിയാഴ്ചകളില്‍ കാലിചന്ത നടക്കുന്നത്. അതിരാവിലെ തന്നെ സജീവമാകുന്ന കാലിചന്തക്ക് വെള്ളിയാഴ്ച വൈകീട്ടോടെ തന്നെ കാലികളും കച്ചവടക്കാരും എത്തിത്തുടങ്ങും.
അയല്‍ ജില്ലകളില്‍ നിന്നുള്ള കന്നുകാലികള്‍ക്കുപുറമെ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും ലോറികളില്‍ കന്നുകാലികളെത്തുന്നുണ്ട്. ആയിരക്കണക്കിനു വ്യാപാരികളും പതിനായിരക്കണക്കിനു കന്നുകാലികളും കൊണ്ട് സജീവമാകുന്ന ചന്തയില്‍ കോടികളുടെ കച്ചവടമാണ് നടക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ചന്ത പ്രവര്‍ത്തിക്കുന്നതെങ്കിലും ചന്തയിലെത്തുന്നവര്‍ക്ക പ്രത്യേകം ചുങ്കം പിരുവുമുണ്ട്.
ചന്ത നടക്കുന്ന സ്ഥലത്ത് കാലികളെ ഇറക്കുന്നതിനായി വലിയ തിട്ടുകളുണ്ടെങ്കിലും കാലികളുമായെത്തുന്നവര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ്. കന്നുകാലികള്‍ക്ക് വെള്ളം കുടിക്കാന്‍ മൂന്നു സിമന്റ് തൊട്ടികള്‍ കെട്ടിയിട്ടുണ്ടെങ്കിലും ഒന്നില്‍ മാത്രമാണ് വെള്ളം നിറച്ചിട്ടുള്ളതെന്നിരിക്കെ മറ്റുള്ളവ ഉപയോഗശൂന്യമാണ്. കച്ചവടക്കാര്‍ക്കും കാലികളുമായെത്തുന്നവര്‍ക്കും വിശ്രമത്തിനായി ഷെഡ്ഡുകളുണ്ടെങ്കിലും ഇതിന്റെയും സ്ഥിതി ദയനീയമാണ്.
ചന്തക്കകത്ത് കന്നുകാലി കച്ചവടത്തിന് മാറ്റുകൂട്ടാന്‍ തോര്‍ത്തുകച്ചവടവും കയര്‍ വില്‍ക്കുന്നവരും കാലികള്‍ക്ക് പെയിന്റില്‍ പേരെഴുതുന്നവരുമുണ്ട്. ജില്ലയിലെ ആലത്തൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, വാണിയംകുളം, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ നിന്നുമാണ് കൂടുതലും കന്നുകച്ചവടക്കാര്‍ എത്തുന്നത്. അതിരാവിലെ സജീവമാകുന്ന ചന്ത ഉച്ചകഴിയുന്നതോടെ കാലിയാകുമെങ്കിലും രാത്രിയോടെയെ വാഹനങ്ങള്‍ പോവുകയും കന്നുവാങ്ങാന്‍ വരുന്നവന്‍ കൈയ്യു വീശിപ്പോകില്ലെന്ന ശാസ്ത്രമാണ് പലരെയും വമ്പന്മാരാക്കുന്നത്.
മാത്രമല്ല വണ്ടികളില്‍ കൊണ്ടുവരുന്ന കന്നുകാലികളെ മുഴുവന്‍ ചന്തയില്‍ തന്നെ കച്ചവടമാക്കുകയാണ് രീതി. നേരത്തെ നോട്ടുനിരോധനവും തുടര്‍ന്ന കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളുമൊക്കെ വന്നപ്പോള്‍ കാലിചന്തകള്‍ നഷ്ടങ്ങളുടെ കണക്കുമാത്രമായിരുന്നെങ്കിലും ഇപ്പോള്‍ പഴയ കച്ചവടത്തിലേക്ക് കാലിചന്ത തിരിച്ചെത്തിയിട്ടുണ്ട്. ചന്തയിലേക്ക് വണ്ടികളിലെത്തിക്കുന്ന മിണ്ടാപ്രാണികളുടെ സ്ഥിതി ദയനീയമാണങ്കിലും കച്ചവടക്കാരുടെ കയ്യിലെത്തിയാല്‍ ഇവക്കു തനിയെ ജീവന്‍ വെക്കും.
വ്യാഴാഴ്ചകളില്‍ വാണിയംകുളത്ത് കാലിചന്ത നടക്കുമെങ്കിലും കുഴല്‍മന്ദത്തെയത്ര തിരക്കുണ്ടാവാറില്ല. പരീധീനതകളും ദുരിതങ്ങളും പേറി കുഴല്‍മന്ദം കാലിചന്ത കാലങ്ങള്‍ താണ്ടുമ്പോഴും ചന്തയിലെത്തുന്നവരുടെയണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. ഒപ്പം തലമുറകള്‍ കൈമാറിയ കന്നുകച്ചവടത്തിന്റെ പാരമ്പര്യം പകര്‍ന്ന കന്നുകച്ചവടവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."