മടക്കയാത്രയില്‍ നിന്ന് കിട്ടുന്ന ചില്ലറകള്‍ രോഗികള്‍ക്ക് നല്‍കി ജാബിറിന്റെ ജീവകാരുണ്യം
വാടാനപ്പള്ളി: മടക്കയാത്രക്കു ജാബിറിന്റെ ഓട്ടോറിക്ഷയില്‍ കയറിയാല്‍ ആരും ജാബിറിനു പണം നല്‍കാറില്ല. ഓട്ടോയുടെ അകത്തു ജാബിര്‍ ഒരു ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. ആ ഫൈബര്‍ ബോക്‌സില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് 'മടക്കയാത്രയുടെ തുക നിങ്ങള്‍ ഈ ബോക്‌സില്‍ ഇടുക, അത് എനിക്കുള്ളതല്ല. രോഗങ്ങള്‍ കൊണ്ടു കഷ്ടപ്പെടുന്നവര്‍ക്കു മരുന്നു വാങ്ങാനുള്ളതാണ് '. അതുകൊണ്ടു തന്നെ ജാബിറിനെ അറിയുന്ന വാടാനപ്പള്ളിക്കാര്‍ക്കു മൗലയെന്ന ജാബിറിന്റെ ഓട്ടോയില്‍ കയറുവാനും വലിയ സന്തോഷമാണ്. തങ്ങളും ഒരു ജീവകാരുണ്യ പ്രവര്‍ത്തിയില്‍ കണ്ണികളായല്ലോ എന്ന സംതൃപ്തിയാണവര്‍ക്ക്.
ചെറുതും വലുതുമായി യാത്രക്കാര്‍ നല്‍കിയ നാണയതുട്ടുകള്‍ കൂട്ടിവച്ചു തൃത്തല്ലൂര്‍ സ്വദേശിയായ ജാബിര്‍ ഇന്നലെ 16 പേര്‍ക്കു ചികിത്സാ സഹായം നല്‍കിയപ്പോള്‍ അതു വേറിട്ടൊരു ജീവകാരുണ്യ പ്രവര്‍ത്തിയുടെ തുടര്‍ച്ചയായി. ഇത്തവണ 16 പേര്‍ക്കാണു ആയിരം രൂപ വച്ചു ഈ ഓട്ടോ ഡ്രൈവര്‍ നല്‍കിയത്. 25 വര്‍ഷമായി ജാബിര്‍ തൃത്തല്ലൂരില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയിട്ട്. അത്ര തന്നെ വര്‍ഷങ്ങളുടെ പഴക്കമുണ്ടു ജാബിറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും. പത്തു വര്‍ഷം മുമ്പു ആക്ട്‌സ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം തളിക്കുളത്തു ആരംഭിക്കുമ്പോള്‍ മുതല്‍ ജാബിറും അതില്‍ അംഗമാണ്.
ദേശിയ പാതയില്‍ ചേറ്റുവ മുതല്‍ തളിക്കുളം വരെയുള്ള ഭാഗങ്ങളില്‍ റോഡപകടങ്ങളില്‍പെടുന്നവര്‍ക്കു സഹായമായി ഓടിയെത്തുന്ന ചെറുപ്പക്കാരില്‍ ആദ്യത്തെ ആള്‍ പലപ്പോഴും ജാബിറായിരിക്കും. ജാബിറിന്റെ നേതൃത്വത്തില്‍ രക്തദാന സേനയും പ്രവര്‍ത്തിക്കുന്നുണ്ട്. രക്തം ആവശ്യമുള്ളവര്‍ക്കു തന്നെ വിളിക്കാമെന്നും ഓട്ടോയുടെ പുറകില്‍ ജാബിര്‍ വലിപ്പമുള്ള അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. വാടാനപ്പള്ളി മേഖലയില്‍ രോഗങ്ങള്‍ കൊണ്ടു പ്രയാസപ്പെടുന്നവര്‍ക്കും മറ്റും സഹായം സ്വരൂപിച്ചു നല്‍കാന്‍ പലപ്പോഴും ജാബിറിന്റെ ഒറ്റയാള്‍ പോരാട്ടം തുണയാകാറുണ്ട്. ജാബിറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ തമിഴ്‌നാട് തൊഴിലാളി സംഘടന, കൃപ ചാരിറ്റബിള്‍ സൊസൈറ്റി ചേറ്റുവ, സ്പര്‍ശം കലാവേദി ഒരുമനയൂര്‍, ഗോജുകാന്‍ കരാട്ടെ എടമുട്ടം, എച്ച്.ടു.ഒ ഏങ്ങണ്ടിയൂര്‍ സംഘടനകളും ജാബിറിനെ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
തന്റെ ഓട്ടോയില്‍ മടക്കയാത്രക്കു കയറിയവര്‍ നല്‍കുന്ന തുക കൂട്ടിവച്ചു കഴിഞ്ഞ വര്‍ഷവും ജാബിര്‍ രോഗികള്‍ക്കു മരുന്നു വാങ്ങാന്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ജാബിര്‍ ഓട്ടോ യാത്രയിലെ മടക്കയാത്രാ കൂലി ചികിത്സാ സഹായത്തിനായി നല്‍കി തുടങ്ങിയത്. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം മറ്റുള്ളവര്‍ക്കു മരുന്നു വാങ്ങാനായി നല്‍കുമ്പോള്‍ അവരുടെ മനസറിഞ്ഞുള്ള പ്രാര്‍ഥന മാത്രമാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കു എല്ലാവരുടേയും പിന്തുണയുണ്ടെന്നും ജാബിര്‍ പറയുന്നു. തൃത്തല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ സുഭാഷിണി മഹാദേവന്‍ ചികിത്സാ സഹായം കൈമാറി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി അധ്യക്ഷനായി. തൃത്തല്ലൂര്‍ ഗവ. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുലേഖ ജമാല്‍, ഗ്രാമപഞ്ചായത്തംഗം ഓമന മധുസുദനന്‍, റഹ്മത്തുള്ള അന്തിക്കാട്, മിജു തളിക്കുളം, അബൂബക്കര്‍ പൊന്നാക്കാരന്‍, സാബിര്‍ വാടാനപ്പള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."