സര്‍ക്കാര്‍ ഓഫിസുകള്‍ ഇനിമുതല്‍ ഹരിതാഭമാകും: 55 ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി
പാലക്കാട്: സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാനും നടപ്പാക്കാനുമായി ഓരോ ജില്ലാ ഓഫിസില്‍നിന്നും ചുമതലപ്പെടുത്തിയിരിക്കുന്ന 55-ഓളം ഗ്രീന്‍ പ്രോട്ടോക്കോള്‍ ജില്ലാതല നോഡല്‍ ഓഫിസര്‍മാര്‍ക്കുളള ദ്വിദിന പരിശീലനം പൂര്‍ത്തിയായി.
മെയ് 15നകം എല്ലാ ജില്ലാതല ഓഫളസുകളിലും ജില്ലയിലെ എല്ലാ വകുപ്പ്തല ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശീലനം നടത്തിയത്. ജനപ്രതിനിധികള്‍, ഓഫിസുമായി ബന്ധപ്പെടുന്ന പൊതുജനങ്ങള്‍, കീഴ് ഓഫിസിലെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാവണം ജില്ലാ ഓഫിസുകളുടെ പ്രഖ്യാപനം. ജില്ലാ പഞ്ചായത്ത്് മിനി സമ്മേളന ഹാളില്‍ നടന്ന പരിശീലനത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍മാര്‍ ഒന്‍പത് ഗ്രൂപ്പുകളായി തിരിഞ്ഞ് തിരഞ്ഞെടുത്ത ഒന്‍പത് സര്‍ക്കാര്‍ ഓഫിസുകളിലെ ശുചിത്വവും ഹരിതപരിപാലനവും വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ ലേബര്‍ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജില്ലാ പൊലിസ് ഓഫിസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ്, ജില്ലാ വാണിജ്യനികുതി ഓഫിസ് ( ജി.എസ്.ടി), ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ ഓഡിറ്റ് ഓഫിസ്, പാലക്കാട് നഗരസഭ എന്നീ ഓഫിസുകളാണ് സന്ദര്‍ശിച്ചത്.
ഇവയില്‍ ചില ഓഫിസുകളിലെ ജീവനക്കാര്‍ തികച്ചും ഒരുമയോടെ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കുന്നതിന് പുറമെ മണ്ണിര കംപോസ്റ്റ് ഉള്‍പ്പെട്ട മാലിന്യസംസ്‌കരണ സംവിധാനവും സ്ഥാപിച്ച് നിലനിര്‍ത്തി പോരുന്നുണ്ട്. മാലിന്യസംസ്‌കരണ സംവിധാനമില്ലെങ്കിലും ജൈവ-അജൈവ മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ കാണിക്കുന്ന അനുകൂല സമീപനവും ചില ഓഫിസുകളില്‍ കാണാന്‍ കഴിഞ്ഞു. ഹരിതകേരളം മിഷന്‍ പദ്ധതി കൃത്യമായി നടപ്പാക്കുന്നതിന്റെ പ്രതിഫലനങ്ങളും മനോഭാവവും ഓഫിസുകളിലും ജീവനക്കാരിലും പ്രകടമാകുന്നുണ്ടെന്ന് സന്ദര്‍ശനത്തിലൂടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍മാര്‍ വിലയിരുത്തി. സ്ത്രീ ജീവനക്കാര്‍ ഉളള ചില ഓഫിസുകളില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പോസല്‍ സംവിധാനത്തോടെയുളള സ്ത്രീ സൗഹൃദ ശുചിമുറിയുടേയും സന്ദര്‍ശകര്‍ കൂടുതലുളള ഓഫിസുകളില്‍ ഭിന്നശേഷി സൗഹൃദ ശുചിമുറികളുടെയും അഭാവം, കെട്ടികിടക്കുന്ന ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫര്‍ണീച്ചര്‍, ഒഴിവാക്കാനാകാത്ത വിധമുളള ചില പ്ലാസ്റ്റിക്ക് ഉപകരണങ്ങളുടെ സാന്നിധ്യം, പൊടി എന്നിവയാണ് പൊതുപ്രശ്‌നങ്ങള്‍.
ഹരിതകേരളം മിഷന്‍-ജില്ലാശുചിത്വമിഷന്‍ സംയുക്തമായി നടത്തിയ പരിശീലനപരിപാടി ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു നേരിട്ടെത്തി വിലയിരുത്തി. ഹരിതകേരളം മിഷന്‍ സ്‌റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ സി.നാരായണന്‍കുട്ടി, ഹരിതകേരളം മിഷന്‍ , സ്റ്റേറ്റ് റീസോഴ്‌സ് പേഴ്‌സണുമായ പി.തങ്കപ്പന്‍, ഐ.ആര്‍.ടി.സി റിസര്‍ച്ച് കോഡിനേറ്റര്‍ പ്രഫ. ബി.എം മുസ്തഫ,, ഷഹാന, ബെനില ബ്രൂണോ, ജില്ലാ കോഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, അനര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജയചന്ദ്രന്‍ നായര്‍, ക്ലീന്‍ കേരള കമ്പനി അസി. മാനെജര്‍ ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."