സംസ്ഥാനത്തേക്ക് തമിഴ്‌നാട് പാല്‍ ഒഴുകുന്നു: പരിശോധനകള്‍ പ്രഹസനം
കൊഴിഞ്ഞാമ്പാറ: സംസ്ഥാനാതിര്‍ത്തി കടന്ന് ഗുണനിലവാരമില്ലാത്ത പാല്‍ കേരളത്തിലേക്കൊഴുകുമ്പോഴും പരിശോധനകള്‍ പ്രഹസനമാകുന്നു. അടുത്തകാലത്തായി മീനാക്ഷിപുരത്തെ ക്ഷീരവികസന വകുപ്പിനു കീഴിലുള്ള പാല്‍ പരിശോധന കേന്ദ്രത്തില്‍ വെച്ച് 4 തവണയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണനിലവാരമില്ലാത്ത പാല്‍ പിടിച്ചത്.
ഗുണമേന്മയുള്ള പാലിനേക്കാള്‍ കൂടുതലാണ് ഗുണമേന്മയില്ലാത്ത പാലും എത്തുന്നതെന്ന് ഇവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. പാലില്‍ കൊഴുപ്പ് കൂട്ടുന്നതിനായി ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് മാരക രോഗങ്ങള്‍ക്കുകാരണമാവുമെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള പാലിന്റെ ഇത്തരം വസ്തുക്കളുടെ അളവ് കൂടുതലാണ്. ഗുണമേന്മയുള്ള പാലില്‍കൊഴുപ്പിന്റെ അളവ് 3 ശതമാവും പ്രോട്ടീന്‍, ലാക്‌ടോസ് മറ്റു ധാതുലവണാംശങ്ങളുള്ള ഖരപദാര്‍ഥങ്ങളുടെയളവ് 8.5 ശതമാവും വേണമെന്നാണ് കണക്ക്.
സംസ്ഥാനത്തെ ക്ഷീരസംഘങ്ങള്‍ കര്‍ഷകരില്‍ നിന്നും ലിറ്ററിന് 35 മുതല്‍ 42 രൂപ വരെ നല്‍കി പാല്‍ സംഭരിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍30 രൂപക്ക് ലഭിക്കുന്ന പാല്‍ ഇടനിലക്കാരിലൂടെ സംഭരിച്ച് കേരളത്തിലേക്കൊഴുക്കുകയാണ് പതിവ്. നിലവില്‍ മീനാക്ഷപുരത്തുമാത്രമാണ് പാല്‍ പരിശോധന കേന്ദ്രമുള്ളതെന്നിരിക്കെ മറ്റു ഭാഗങ്ങളിലൂടെ വരുന്ന വാഹനങ്ങള്‍ പരിശാധിക്കാന്‍ സാധ്യമല്ല.
പ്രതിദിനം മീനാക്ഷിപുരത്തെ കേന്ദ്രം വഴി അമ്പതോളം ചെറുതും വലുതുമായ വാഹനങ്ങളിലൂടെ 3 ലക്ഷത്തിലധികം ലിറ്റര്‍ പാലാണ് കേരളത്തിലേക്കെത്തുന്നതെങ്കിലും പരിശോധനകള്‍ക്കു പിടികൊടുക്കാതെ ഊടുവഴികളിലൂടെയെത്തുന്നവ വേറെയും. പൊള്ളാച്ചിയില്‍ കെ.ടി. ഡയറി ഫാമില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടുപോയ 1100 ലിറ്റര്‍ പാല്‍ പിടികൂടിയിരുന്നു.
ശക്തി, ഗോമാത, ഓംഗോ, കെ.എസ്., കൗമ, പാലാഴി, അമൃത തുടങ്ങി നിരവധി പേരുകളിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പേക്കറ്റ് പാല്‍ എത്തുന്നത്. മില്‍മെയേക്കാള്‍ കമ്മിഷന്‍ കൂടുതല്‍ നല്‍കുന്നതിനാലും കൊഴുപ്പിന്റെ അളവ് കൂടിയതിനാലും കേരളത്തില്‍ തമിഴ്‌നാട് പാലിന് ആവശ്യക്കാരേറെയാണ്.
കേരളത്തില്‍ കൂടുതലായും തമിഴ്‌നാട് പാല്‍ ചെലവാകുന്നത് കേരള അതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലാണ്. വിഷു, ഓണം, റംസാന്‍ എന്നീ ആഘോഷവേളകളടുക്കുന്നതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍കടത്തിന്റെ തോത് വര്‍ദ്ദിക്കും. ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 14 ഓളം കമ്പനികളുടെ പാക്കറ്റ് പാലിന്‍ കേരളത്തിന്റെ വില്‍പ്പന നിരോധിച്ചിരുന്നെങ്കിലും നാളുകള്‍ കഴിഞ്ഞതോടെ എല്ലാം പഴയപടിയായി. സംസ്ഥാനാതിര്‍ത്തിയായ വാളയാറിലും പാല്‍ പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്‌തെങ്കിലും നാളുകള്‍ കഴിഞ്ഞതോടെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളും പ്രഹസനമായി.
കൊഴിഞ്ഞാമ്പാറ, പൊള്ളാച്ചി, സേലം, ട്രിച്ചി, ഉടുമല്‍പേട്ട എന്നിവിടങ്ങളലില്‍ നിരവധി പേക്കറ്റ് പാല്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ചെറിയ പാക്കറ്റുകളിലും ലഭിക്കുമെന്നതിനാല്‍ വീടുകളിലും ഇത്തരത്തിലുളള തമിഴ്‌നാട് പാലിന് ആവശ്യക്കാരേറെയാണ്.
ചായക്ക് കട്ടികൂടുന്നതിനായി ഹോട്ടലുകള്‍ക്കും ചായക്കടകള്‍ക്കും വേണ്ടി കൊഴുപ്പ് കൂട്ടിയ പ്രത്യേകം സ്പഷല്‍ പാക്കറ്റുകളും വിപണിയില്‍ ലഭ്യമാണ്. വ്യാപാരികള്‍ക്ക് ഉയര്‍ന്ന കമ്മീഷനും ഏജന്റുമാര്‍ക്ക് പാക്കറ്റ് കമ്മീഷനും പുറമെ പ്രതിമാസ ഇന്‍സെന്റീവും ആഘോഷങ്ങള്‍ വരുമ്പോള്‍ പ്രത്യേകം ബോണസ്സുമെല്ലാം നല്‍കുന്നതിനാല്‍ തമിഴ്‌നാട് പാലിനെ പ്രിയപ്പെട്ടതാക്കുന്നത്. പ്രത്യക്ഷത്തില്‍ ശരീരത്തിന് കേടില്ലെങ്കിലും പിന്നീട് മാരകരോഗം വരെ ഉണ്ടാവാന്‍ സാധ്യതയുള്ള ഫോര്‍മോലിന്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത തമിഴ്‌നാട് പാല്‍ കേരളവിപണി കീഴടക്കുമ്പോഴും പരിശോധനകള്‍ പ്രഹസനമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."