പൊന്നാനിയില്‍ ബോട്ട് കടലില്‍ മുങ്ങി
പൊന്നാനി: കാറ്റിലും ശക്തമായ തിരമാലയിലും പെട്ട് മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി. പൊന്നാനിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ മത്സ്യബന്ധനം കഴിഞ്ഞു തിരിച്ചുവരികയായിരുന്ന പൊന്നാനി സ്വദേശി ആല്യാമാക്കാനകത്ത് ജറീബിന്റെ ഉടമസ്ഥതയിലുള്ള ജാബിര്‍ മോന് എന്ന ബോട്ടാണ് അപകടത്തിപെട്ടത്.
പൊന്നാനിക്കടുത്ത് താനൂരില്‍നിന്നു പത്തു നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് ആടിയുലയുകയും ബോട്ടിന്റെ അടിഭാഗത്തെ പലക ഇളകി അകത്തേയ്ക്കു വെള്ളം കയറുകയുമായിരുന്നു. ബോട്ടിനകത്തു അഞ്ചു തൊഴിലാളികളാണുണ്ടായിരുന്നത്.
പൊന്നാനി സ്വദേശികളായ ഹാജിയാരാകത്ത് കാദര്‍കുട്ടി, പുത്തന്‍പുരയില്‍ സലാം, പുതുപൊന്നാനി സ്വദേശി അബ്ദുല്ലക്കുട്ടി, ഇതര സംസ്ഥാനക്കാരായ ടോര്‍വിന്‍, സിക്കന്ദര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ മറ്റു ബോട്ടുകളിലുള്ളവര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. തുടര്‍ന്നു ചാലിയത്തുനിന്നു മുങ്ങല്‍ വിദഗ്ധരെത്തി ബോട്ട് കെട്ടിവലിച്ചു പൊന്നാനി ഹാര്‍ബറിലേക്കു കൊണ്ടുവന്നു. അപകടത്തില്‍ വലയും മത്സ്യവും നഷ്ടമായി. 12 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."