കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാനാകാതെ മകള്‍: കണ്ണീര്‍ക്കടലില്‍ ഈ അമ്മമനസ്
ചെറുവത്തൂര്‍: ചെറുവത്തൂരില്‍ പാതയോരത്തു നീറുന്ന മനസുമായി ചായക്കട നടത്തുന്ന ഒരമ്മയുണ്ട്. പേര് നിര്‍മ്മല. പെട്ടിക്കട തുറന്നില്ലെങ്കില്‍ വീട്ടില്‍ അടുപ്പ് പുകയില്ല. തളര്‍ന്നു മകളുടെ ചികിത്സ മുടങ്ങും. താങ്ങായി മറ്റാരും ഇല്ലാത്തതിനാല്‍ മകളെ കട്ടിലില്‍ കിടത്തി വീട് പുറത്തു നിന്നുമടച്ച് ആധിയോടെയാണ് ഇവര്‍ ചായക്കച്ചവടത്തിനെത്തുന്നത്. രണ്ടുവര്‍ഷമായി ദുരിതങ്ങളുടെ നടുക്കടലില്‍ പെട്ടുഴലുകയാണ് ഇവര്‍. ഒരു വിഷുദിനത്തലേന്നാണ്‌ചെറുവത്തൂര്‍ കാരക്കൊടി സ്വദേശിനി നിര്‍മലയുടെ ജീവിതത്തിനു മേല്‍ കരിനിഴലില്‍ വീഴുന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ മകള്‍ പ്രസീതയെ ഓട്ടോ ഇടിച്ചു. ചെറുവത്തൂര്‍ വി.വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയായിരുന്നു അപകടം. നട്ടെല്ലിനും കാലിനും സാരമായി പരുക്കേറ്റു. മംഗുളുരു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും മകളെ എഴുന്നേല്‍പ്പിച്ചു നടത്തണമെന്ന അമ്മയുടെ ആഗ്രഹം മാത്രം നടന്നില്ല. കട്ടിലില്‍ പരസഹായം ഇല്ലാതെ ഒന്നെഴുന്നെല്‍ക്കാന്‍ പോലും കഴിയില്ലെന്ന നിലയില്‍ പ്രസീത കിടപ്പിലായി. എന്തിനും ഏതിനും ഒരു വിളിപ്പാടകലെ പ്രസീതയ്ക്ക് അമ്മ വേണം.
ഇതോടെ ചെറുവത്തൂര്‍ യൂനിറ്റി ആശുപത്രിക്ക് സമീപത്തെ പെട്ടിക്കട അടച്ചിടേണ്ടി വന്നു.സുമനസുകളുടെ സഹായങ്ങള്‍ ചെറിയ തോതില്‍ ചികിത്സക്ക് സഹായകമായി. ജീവിതച്ചെലവും മകളുടെ ചികിത്സയും മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി മാറിയപ്പോള്‍ പെട്ടിക്കട നിര്‍മ്മലയ്ക്കു വീണ്ടും തുറക്കേണ്ടി വന്നു. പോകാതിരിക്കാന്‍ നിവര്‍ത്തിയില്ലെന്നു വന്നപ്പോഴാണ് വീട് പുറത്തുനിന്നു പൂട്ടി കടയില്‍ പോകാന്‍ തുടങ്ങിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ മകള്‍ അമ്മയെ ഫോണില്‍ വിളിക്കും. കട ആരെയെങ്കിലും നോക്കാന്‍ ഏല്‍പിച്ച് നിര്‍മ്മല വീട്ടിലേക്കോടും.
ഒരാഴ്ചയായി കടുത്ത ശ്വാസം മുട്ടലിലാണ് പ്രസീത. ഇടക്ക് ന്യുമോണിയയും വന്നു. വിദഗ്ധ ചികിത്സ നല്‍കിയാല്‍ മകളെ എഴുന്നേല്‍പ്പിച്ചു നടത്താന്‍ കഴിമോ എന്നും അറിയില്ല.
കാരുണ്യമതികളുടെ സഹായം ലഭിച്ചാല്‍ ഈ കുടുംബത്തിന് ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."