ശ്രീകണ്ഠപുരം നഗരസഭ: യോഗത്തില്‍ നിന്ന് പ്രതിനിധികള്‍ ഇറങ്ങിപ്പോയി
ശ്രീകണ്ഠപുരം: വഴിയോരക്കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീകണ്ഠപുരം നഗരസഭ വിളിച്ച് ചേര്‍ത്ത വെന്‍ഡിങ് യോഗത്തില്‍ നിന്ന് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. വഴിയോര കച്ചവടക്കാരെ ശ്രീകണ്ഠപുരം പട്ടണത്തില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുന്‍സിപ്പാലിറ്റി ഭരണസമിതിയുടെ നിഷേധപരമായ തീരുമാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വി.കെ.ടി.എഫ് (സി.ഐ.ടി.യു) കച്ചവട പ്രതിനിധികളായ പി. ഗോപി, അബ്ദുറഹ്മാന്‍, പ്രതിപക്ഷ കൗണ്‍സിലര്‍ എം.സി രാഘവന്‍ എന്നിവരാണ് പ്രതിഷേധിച്ചത്. കച്ചവടക്കാര്‍ സ്വമേധയാ ഒഴിഞ്ഞുപോയില്ലെങ്കില്‍ ബലം പ്രയോഗിച്ച് മാറ്റുമെന്നും അതിനുള്ള അധികാരം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ തങ്ങള്‍ക്ക് ഉണ്ടെന്നുമുള്ള ധിക്കാരപരമായ സമീപനത്താലാണ് ഇറങ്ങിപ്പോയത് എന്ന് വഴിയോര കച്ചവടക്കാര്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡിന്റെ പിന്നില്‍ 25 വര്‍ഷത്തിലധികമായി തുണിക്കച്ചവടം നടത്തിവരുന്ന നാരായണന്റെ കച്ചവട കേന്ദ്രം വ്യാഴാഴ്ച രാത്രി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നിര്‍മിച്ച് നല്‍കുകയും ചെയ്തു. ടൗണില്‍ വിഷുത്തിരക്ക് വര്‍ധിക്കുമ്പോള്‍ കച്ചവടം നഷ്ടപ്പെടുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. മുന്‍സിപ്പാലിറ്റി സ്വീകരിക്കുന്ന നിലപാടിനെതിരേ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."