തലശ്ശേരി-വളവുപാറ റോഡ്: ഇനിയും സമയം വേണം
ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ പ്രവൃത്തി സമയപരിധിക്കുള്ളില്‍ തീരുമോയെന്ന് സംശയം പ്രകടിപ്പിച്ച് ലോകബാങ്ക് സംഘം. ലോക ബാങ്കിന്റെ വടക്കന്‍ മേഖലാ സംഘം നിര്‍മാണ പുരോഗതി വിലയിരുത്താനെത്തി. ടാറിങ് പ്രവൃത്തികളടക്കം വേഗത്തിലും സമയപരിധിക്ക് മുന്‍പും തീരുമെങ്കിലും കൂട്ടുപുഴ, ഇരിട്ടി, എരഞ്ഞോളി പാലങ്ങളുടെ നിര്‍മാണത്തിലാണ് സംശയം. ഇരിട്ടി പാലത്തിന്റെ പുതിയ പൈലിങ്ങും ഡിസൈനിങ്ങും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നോട്ട് പോകുന്നതിനാല്‍ ബുദ്ധിമുട്ട് വരില്ലെന്നാണ് വിശദീകരണം. എന്നാല്‍ കര്‍ണാടകം നിര്‍മാണം തടസപ്പെടുത്തിയ കൂട്ടുപുഴയുടെ പ്രതിസന്ധിയാണ് ഏറ്റവും ചര്‍ച്ചയായത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കെ.എസ്.ടി.പിയുടെയും കരാര്‍ കണ്‍സള്‍ട്ടന്‍സി കമ്പനികളുടെയും പ്രതിനിധികള്‍ മറുപടി നല്‍കി. പാലം പണി നടത്താനുള്ള അനുമതി ആദ്യം വാങ്ങാനും അതിര്‍ത്തി തര്‍ക്കങ്ങള്‍ തീര്‍ക്കാനും സംഘം നിര്‍ദേശിച്ചു. 16ന് ചീഫ് സെക്രട്ടറിയെ നേരില്‍കണ്ട് ഇക്കാര്യം ലോകബാങ്ക് സംഘവും ആവശ്യപ്പെടും.
എരഞ്ഞോളി പാലം ജലഗതാഗത പാത വരുന്നതിന്റെ ഭാഗമായി തടസപ്പെട്ടിരിക്കുന്നതും ചര്‍ച്ചയായി. പാലം നിര്‍മാണം ഒഴികെയുള്ള പ്രവൃത്തികളില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. മെയ് 15ന് മുന്‍പ് ടാറിങ് ഏതാണ്ട് പൂര്‍ണമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ ലോകബാങ്ക് സംഘത്തെ അറിയിച്ചിട്ടുള്ളത്.
തലശേരി-വളവുപാറ റോഡിലെ മട്ടന്നൂര്‍-കള്‍റോഡ്-വളവുപാറ റീച്ചില്‍ 52 ശതമാനവവും തലശേരി-കള്‍റോഡ് റീച്ചില്‍ 41 ശതമാനവും പ്രവൃത്തികളാണ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് സംഘം വിലയിരുത്തി. ടീം മേധാവി സജീവ് മഹോല്‍ക്കര്‍, പാലം നിര്‍മാണ വിദഗ്ധന്‍ കാര്‍ത്തിക് ഷാ, സോഷ്യോളജിസ്റ്റ് മൃദുല സിങ്, നിയമവിഭാഗം അസിസ്റ്റന്റ് ആബ എന്നിവരടങ്ങുന്നതായിരുന്നു സംഘം.
കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഈഡിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ടീം ലീഡര്‍ ഹെഡ്‌ഗെയര്‍ തോമസ്, റസിഡന്റ് എന്‍ജിനീയര്‍ പി.എന്‍ ശശികുമാര്‍, ഡെപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പ്രബിന്ധ്, കെ.എസ്.ടി.പി കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എ ജയ, അസി. എന്‍ജിനീയര്‍മാരായ കെ.വി സതീശന്‍, കെ. ദിലീപന്‍, സോഷ്യോളജിസ്റ്റ് ജിജി എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ കെ.എസ്.ടി.പിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെത്തിയ ലോകബാങ്ക് പ്രതിനിധികള്‍ രണ്ട് സംഘങ്ങളായാണ് സംസ്ഥാനത്തെ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."