വെബ്‌സൈറ്റ് പണിമുടക്കി, റേഷന്‍ വിതരണം മുടങ്ങി
ഫറോക്ക്: സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ ഇന്നലെ റേഷന്‍ വിതരണം മുടങ്ങി. റേഷന്‍ സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ വിഷു ആഘോഷവും അവതാളത്തിലാകും. ഇന്നും നാളെയും അവധിയായതിനാല്‍ ഇന്നലെ നിരവധി പേരാണ് റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ കിട്ടാതെ മടങ്ങിയത്. റേഷന്‍കടകളില്‍ സ്ഥാപിച്ച ഇ-പോസ് മെഷീനും സിവില്‍ സപ്ലൈസ് വെബ്‌സൈറ്റും തമ്മില്‍ ലിങ്കാകാത്തതാണ് റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണം.
ഈ മാസം മുതലാണ് റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം നടത്താന്‍ ആരംഭിച്ചത്. മെഷീനിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമായ പരിശീലനം നല്‍കാത്തതില്‍ റേഷന്‍കട നടത്തുന്നവര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. റേഷന്‍ കാര്‍ഡ് നമ്പര്‍ മെഷീനില്‍ എന്റര്‍ ചെയ്താല്‍ നേരെ ഉടമയുടെ ആധാര്‍ കാര്‍ഡിന്റെ സൈറ്റിലേക്കാണ് പോവുക.
കാര്‍ഡുടമയുടെ വിരലടയാളം മെഷീനില്‍ പതിപ്പിച്ചതിനു ശേഷം ആധാര്‍ കാര്‍ഡിലെ വിരലടയാളവും സാമ്യമായാല്‍ നേരെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സൈറ്റിലേക്ക് പോകും. തുടര്‍ന്ന് കാര്‍ഡ് ഉടമക്കു നല്‍കേണ്ട സാധനങ്ങളുടെ വിവരങ്ങള്‍ ലഭ്യമായതിനു ശേഷമാണ് റേഷന്‍ നല്‍കുക. റേഷന്‍ വിതരണ സമ്പ്രദായത്തിലെ പൂഴ്ത്തിവയ്പും മറിച്ചുവില്‍പനയും ഇല്ലാതാക്കാനും റേഷന്‍ സാധനങ്ങള്‍ അര്‍ഹര്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍, ഇന്നലെ ആധാര്‍ സൈറ്റും സിവില്‍ സപ്ലൈസ് സൈറ്റും തമ്മില്‍ ലിങ്കാകാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സര്‍വറിനു തകരാര്‍ സംഭവിച്ചതായാണ് കാരണം പറയുന്നത്. ചില സമയത്ത് സര്‍വര്‍ ശരിയായി വന്നിരുന്നെങ്കിലും റേഷന്‍ വിതരണത്തിന്റെ ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതിനു മുന്‍പെ വീണ്ടും തകരാറിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."