ഗവ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം
കൊടുങ്ങല്ലൂര്‍: ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. തീരമേഖലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ ഇവിടെ പ്രതിദിനം 1200 ലധികം രോഗികളാണ് ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്.
176 കിടക്കകളുള്ള താലൂക്ക് ഗവ. ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, അനസ്‌തേഷ്യ, ഗൈനക്കോളജി, നെഞ്ച് രോഗം എന്നീ വിഭാഗങ്ങളിലാണ് ഡോക്ടര്‍മാരുടെ ഒഴിവുള്ളത്. കൂടാതെ താലൂക്ക് ഗവ ആശുപത്രിക്ക് കീഴില്‍ എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന തീരദേശ മൊബൈല്‍ യൂനിറ്റിലും ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയാണ്.
പ്രതിമാസം നൂറിലധികം പ്രസവം നടക്കുന്ന താലൂക്ക് ഗവ. ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തിര ശസ്ത്രക്രിയകള്‍ക്കും മറ്റും അനസ്‌തേഷ്യ വിദഗ്ധന്റെ സേവനവും ലഭിക്കാത്ത അവസ്ഥയാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും നടപടി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ആയിരകണക്കിന് രോഗികള്‍ ചികിത്സക്കായി ആശ്രയിക്കുന്ന താലൂക്ക് ഗവ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."