ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പൊലിസിന്റെ വാദങ്ങള്‍ പൊളിച്ച് ഡോക്ടര്‍മാരുടെ മൊഴി
കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലിസിന്റെ വാദങ്ങള്‍ പൊളിച്ച് ശ്രീജിത്തിനെ ചികിത്സിച്ച്ഡോക്ടര്മാരുടെ മൊഴി. ശ്രീജിത്തിനെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാണ് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്. ശ്രീജിത്തിന്റെ മരണം കസ്റ്റഡിയിലിരിക്കെ മര്ദനമേറ്റതാണെന്നു സാധൂകരിക്കുന്നതാണു ഡോക്ടര്‍മാരുടെ മൊഴി. ഇതോടെ കസ്റ്റഡിയിലെടുക്കും മുന്‍പേ ശ്രീജിത്തിനു മര്‍ദനമേറ്റിരുന്നു എന്ന പൊലിസിന്റെ വാദമാണ് പൊളിയുന്നത്.
ആറാം തിയതിയിലെ സംഘര്‍ഷത്തിലാണ് ശ്രീജിത്തിനു പരുക്കേറ്റതെന്നായിരുന്നു പൊലിസ് ഭാഷ്യം. എന്നാല്‍ വരാപ്പുഴയില്‍ സംഘര്‍ഷം നടന്നത് ആറിനു വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നു മുന്‍പായിരുന്നു. പ്രത്യേക സ്ക്വാഡ് ശ്രീജിത്തിനെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുക്കുന്നത് ആറിനു രാത്രി 11 മണിക്കു ശേഷവും.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം പ്രകാരം മരണത്തിന് മുന്‍പ് രണ്ടര, മൂന്ന് ദിവസത്തിനുള്ളിലാണ് ശ്രീജിത്തിന്റെ കുടലിലെ വലിയ പരുക്ക് ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6.55നാണ് മരണം സംഭവിക്കുന്നത്. അങ്ങനെ പരിഗണിച്ചാലും വെള്ളിയാഴ്ച വൈകുന്നേരത്തിന് ശേഷമാണ് പരുക്ക് പറ്റിയതെന്ന് വ്യക്തമാണെന്നും ഡോക്ടര്‍മാര്‍ മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."