മിന്നലില്‍ വ്യാപക നാശം
വാടാനപ്പള്ളി: വാടാനപ്പള്ളി തളിക്കുളം മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഷോക്കേറ്റു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം. തളിക്കുളം മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ ഉണ്ടായ മിന്നലില്‍ തളിക്കുളങ്ങര ക്ഷേത്രത്തിന് വടക്ക് അമ്പലത്ത് വീട്ടില്‍ സുലൈമാനും, റൂമിലുണ്ടായിരുന്ന ഭാര്യ കുല്‍സുവിനും, ആറാം ക്ലാസുകാരിയായ മകള്‍ ഫെമിസക്കും ഷോക്കേറ്റു.
മിന്നലില്‍ വീടിന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. സ്വിച്ച് ബോര്‍ഡുകള്‍, മെയിന്‍ സ്വിച്ച്, ഫ്രിഡ്ജ്, ടി.വി എന്നിവ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും, വീട്ടിലെ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വൈദ്യുതോപകരണങ്ങളും മിന്നലില്‍ കത്തിനശിക്കുകയും ചെയ്തു. തലക്ക് ഷോക്കേറ്റ കുല്‍സുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. വീട് നിര്‍മാണം പൂര്‍ത്തിയാക്കി അടുത്തിടെയാണ് സുലൈമാനും കുടുംബവും ഇവിടെ താമസം തുടങ്ങിയത്.
മിന്നലില്‍ പൂര്‍ണമായും കത്തി നശിച്ചതിനാല്‍ വയറിങ് രണ്ടാമതും നടത്തേണ്ട അവസ്ഥയിലാണ് സുലൈമാനും കുടുംബവും. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിനുണ്ടായ മിന്നലില്‍ സുലൈമാന്റെ നിര്‍മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പിന്റെ ഒരു ഭാഗവും തകര്‍ന്നു വീണിരുന്നു.
പ്രകൃതിക്ഷോഭ കെടുതികള്‍ക്കുള്ള ധനസഹായത്തിനായി കാത്തിരിക്കെയാണ് ഒന്‍പതാം മാസം രണ്ടാമതും അപകടം നേരിടേണ്ടി വരുന്നത്. സമീപത്തെ അമ്പലത്ത് വീട്ടില്‍ ഫാത്തിമ ബാപ്പുട്ടി, മായന്‍തിരിയത്ത് നസീമ, നാലകത്ത് പടുവിങ്ങല്‍ ലത്തീജ എന്നിവരുടെ വീടുകളിലെ വൈദ്യോതോപകരണങ്ങളും മിന്നലില്‍ നശിച്ചു. വാടാനപ്പള്ളി മേഖലയില്‍ ചിലങ്ക ബീച്ചില്‍ ആലുങ്ങല്‍ കമല ധര്‍മ്മന്റെ വീട്ടിലും മിന്നലില്‍ നാശ നഷ്ടമുണ്ടായി.
വീടിന്റെ ചുമര്‍ വിള്ളുകയും വൈദ്യുതോപകണങ്ങള്‍ തകരുകയും ചെയ്തു. കൂടാതെ വാടാനപ്പള്ളി ബീച്ചില്‍ അഞ്ച് വീടുകള്‍ക്കാണ് നാശ നഷ്ടമുണ്ടായത്. കോമലത്ത് വീട്ടില്‍ നൗഷാദ്, കോമലത്ത് വീട്ടില്‍ ബഷീര്‍, കോമലത്ത് വീട്ടില്‍ ഹനീഫ, ഒളരിപറമ്പില്‍ മുഹമ്മദ് ഷാഫി, അറയ്ക്കവീട്ടില്‍ അബ്ദുള്‍ ഖസി എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ മിന്നലില്‍ കത്തിനശിച്ചു.
മിന്നലില്‍ തളിക്കുളം മേഖലയില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ബാബുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്തഗങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."