വരാപ്പുഴ കസ്റ്റഡി മരണം: സി.ബി.ഐ അല്ലെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണമോ ജുഡിഷ്യല്‍ അന്വേഷണമോ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലിസ് അന്വേഷിച്ചാല്‍ കുറ്റവാളികള്‍ രക്ഷപ്പെടും. റൂറല്‍ എസ്.പിക്കു കീഴിലുള്ള അന്വേഷണം ഫലപ്രദമാകില്ല. ഈ സാഹചര്യത്തില്‍ എസ്.പിയെ അടിയന്തരമായി മാറ്റണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എമ്മും പൊലിസും ശ്രമിക്കുകയാണ്. ആളുമാറിയല്ല പിടികൂടിയതെന്നും ശ്രീജിത്ത് അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നും വരുത്തിതീര്‍ക്കാന്‍ സി.പി.എം ബോധപൂര്‍വമായ നീക്കം നടത്തുന്നു. പാര്‍ട്ടിയുടെ സമ്മര്‍ദം കാരണം പരമേശ്വരന് ആദ്യം പറഞ്ഞ മൊഴിപോലും മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു. എന്നാല്‍ പരമേശ്വരന്റെ മകന്‍ പറയുന്നത് ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പിതാവ് സ്ഥലത്തില്ലായിരുന്നുവെന്നാണ്. മൊഴി മാറ്റിപ്പറയാന്‍ സി.പി.എം പരമേശ്വരനെ നിര്‍ബന്ധിക്കുകയായിരുന്നു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ എസ്.പിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡി.ജി.പി വ്യക്തമാക്കണം. ടൈഗര്‍ ഫോഴ്‌സ് ശ്രീജിത്തിനെ ലോക്കല്‍ പൊലിസിനു കൈമാറിയത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ശ്രീജിത്തിനെ മഫ്തിയിലെത്തി കസ്റ്റഡിയിലെടുത്ത സ്‌ക്വാഡ് എവിടേക്കു കൊണ്ടുപോയി എന്തു ചെയ്തുവെന്നതൊക്കെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. സി.പി.എം നല്‍കിയ മൊഴിയനുസരിച്ചാണ് നിരപരാധിയായ ശ്രീജിത്തിനെ പൊലിസ് പിടികൂടിയത്. പൊലിസിന്റെ മര്‍ദനം മൂലമാണ് ശ്രീജിത്ത് മരിച്ചത്. ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനമായി നല്‍കണം. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൊലിസ് തേര്‍വാഴ്ച നടത്തുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."