മോദി സ്തുതി: കെ.വി തോമസിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
കൊച്ചി: മോദിയെ പ്രകീര്‍ത്തിച്ച പ്രൊഫ. കെ.വി തോമസ് എം.പിക്കെതിരേ ഹൈക്കമാന്‍ഡിനും കെ.പി.സി.സി നേതൃത്വത്തിനും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. രാജ്യം നരേന്ദ്ര മോദി ഭരണത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു സംസാരിക്കുന്ന കെ.വി തോമസ് എം.പിയുടെ നടപടി തികച്ചും നിരുത്തരവാദപരവും കോണ്‍ഗ്രസുകാരനു നിരക്കാത്തതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ടി.ജി സുനില്‍ കെ.പി.സി.സി പ്രസിഡന്റിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയത്.
സംഘ്പരിവാര്‍ നേതാവിനെ പ്രകീര്‍ത്തിക്കുന്ന കെ.വി തോമസിന്റെ നടപടി അപലപനീയമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ മാത്രം 450 വര്‍ഗീയ കലാപങ്ങളില്‍ 77 പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ 27 കലാപങ്ങളില്‍ 26 പേരും രാജസ്ഥാനില്‍ 200 കലാപങ്ങളില്‍ 24 പേരും ഗുജറാത്തില്‍ 182 കലാപങ്ങളില്‍ 21 പേരും കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബോധിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ മറച്ചുവച്ച് രാജ്യത്ത് കലാപമുണ്ടായിട്ടില്ലെന്നു പറഞ്ഞ കെ.വി തോമസ് ഫലത്തില്‍ കോണ്‍ഗ്രസിനെയും ജനതയെയും ഒറ്റുകൊടുക്കുകയാണ്.
ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് മുതല്‍ ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട കശ്മിരിലെ നാടോടി ബാലിക വരെയുള്ളവരുടെ കൊലപാതകങ്ങള്‍ ഓര്‍ക്കാതെയാണ് കെ.വി തോമസിന്റെ നടപടി. അദ്ദേഹത്തിനെതിരേ കെ.പി.സി.സി നേതൃത്വം നടപടി സ്വീകരിക്കണമെന്നും യുത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."