സെക്രട്ടേറിയറ്റില്‍ ദലിതന് അടിമപ്പണി; പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ദലിത് ഉദ്യോഗസ്ഥന് ഐ.എ.എസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിമപ്പണി. ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരേയാണ് പരാതി. ബിശ്വനാഥ് സിന്‍ഹയുടെ ഓഫിസില്‍ അറ്റന്‍ഡറായി അടുത്തിടെയാണ് ദേവദാസ് നിയമിതനായത്. അന്നു മുതല്‍ അദ്ദേഹം പീഡിപ്പിക്കുന്നുവെന്നും സഹികെട്ടാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നും ദേവദാസ് പറഞ്ഞു.
സെക്രട്ടറി ഭക്ഷണം കഴിച്ചശേഷം എച്ചില്‍ എടുപ്പിക്കുകയും പാത്രങ്ങള്‍ കഴുകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇതു ചെയ്യാതിരുന്നാല്‍ വെള്ളം മേശപ്പുറത്ത് തട്ടിയിട്ട് തുടക്കാന്‍ പറയും. പാത്രം കഴുകാതെ ഡ്രൈവറുടെ പക്കല്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയതിനു ശേഷം ഫോണില്‍ വിളിച്ച് എന്താണ് കഴുകാത്തതെന്ന് ചോദിക്കും. കൂടാതെ എല്ലാ ദിവസവും ഫയലുകള്‍ താഴെ ഇട്ടശേഷം എടുക്കാന്‍ പറയുകയും ഓഫിസ് മനഃപൂര്‍വം മലിനമാക്കിയ ശേഷം വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
സമയത്തിന് ഓഫിസില്‍നിന്ന് പോകാന്‍ അനുവദിക്കുന്നില്ലെന്നതടക്കമുള്ള ഗുരുതര ആരോപണമാണ് ജീവനക്കാരന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. താന്‍ ഒരു ദലിതനായത് കൊണ്ടാണ് ഈ പീഡനമെന്ന് ദേവദാസ് പറഞ്ഞു.
ഐ.ടി.ഐ ബിരുദധാരിയായ ദേവദാസ് ഇപ്പോള്‍ പാര്‍ട്ട്‌ടൈമായി സോഷ്യോളജി ബിരുദത്തിനും പഠിക്കുകയാണ്. മാനസിക പീഡനം സഹിക്കാന്‍കഴിയുന്നില്ലെന്നും മറ്റൊരു സെക്ഷനിലേക്ക് മാറ്റണമെന്നുമാണ് ദേവദാസിന്റെ ആവശ്യം. ഇടതു സംഘടനാ നേതൃത്വവും ദേവദാസിന്റെ പരാതി ശരിവയ്ക്കുന്നുണ്ട്. പല ഐ.എ.എസ് ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരോട് മോശമായാണ് പെരുമാറുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
അതേസമയം, ആരോപണങ്ങള്‍ ബിശ്വനാഥ് സിന്‍ഹ നിഷേധിച്ചു. ഓഫിസ് ജോലികള്‍ മാത്രമെ ജീവനക്കാരെക്കൊണ്ട് ചെയ്യിക്കാറുള്ളൂവെന്നും വലിയ തിരക്കുള്ള ഓഫിസാണ് തന്റേതെന്നും ബിശ്വനാഥ് സിന്‍ഹ പറഞ്ഞു.
തന്റെ ഓഫിസില്‍ ഒത്തിരി ജോലികളുണ്ട് എന്നാല്‍, ഓഫിസ് ജോലിക്കപ്പുറത്ത് ഒന്നും ജീവനക്കാരെ കൊണ്ടു ചെയ്യിക്കാറില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന ബിശ്വനാഥ് സിന്‍ഹ അടുത്തിടെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."