മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസും ചര്‍ച്ച നടത്തി: ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ദീപക് മിശ്ര
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും ജുഡീഷ്യറിയിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളും സുപ്രിം കോടതിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കെ മുതിര്‍ന്ന ജഡ്ജിമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗഗോയ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ചനടത്തി. നിലവില്‍ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ ഗൗരവമായെടുക്കുമെന്ന് ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ് പറഞ്ഞതായാണ് ലഭ്യമായ വിവരം. സുപ്രിം കോടതിയിലെ ജിംനേഷ്യത്തിന്റെ ഉദ്ഘാടന ശേഷമാണ് ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും ഒന്നിച്ചിരുന്നത്. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നതായും തികച്ചും അനൗപചാരികമായിരുന്നു ഇതെന്നുമാണ് ഇവര്‍ പറഞ്ഞത്.
ഈ മൂന്നുപേരെ കൂടാതെ ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള കൊളീജിയത്തിലെ അംഗങ്ങളും മുതിര്‍ന്ന ജഡ്ജിമാരുമായ ചെലമേശ്വറും മദന്‍ ബി. ലോക്കൂറും യോഗത്തില്‍ സംബന്ധിച്ചില്ല. സുപ്രിം കോടതിയില്‍ ബുധനാഴ്ചകളിലുള്ള ഒന്നിച്ചുള്ള ഉച്ചവിരുന്നില്‍ എല്ലാ ജഡ്ജിമാരും പങ്കെടുത്തിരുന്നെങ്കിലും വിവാദവിഷയങ്ങളൊന്നും പരാമര്‍ശിച്ചതേയില്ല. ഇതിനു പിന്നാലെയാണ് അന്ന് വൈകീട്ട് കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ ഏതെങ്കിലും വ്യക്തികളുടെ പേരോ ഇതുസംബന്ധിച്ച് കുര്യന്‍ ജോസഫും ചെലമേശ്വറും ഉന്നയിച്ച വിമര്‍ശനങ്ങളോ പരാമര്‍ശിച്ചില്ല. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഇക്കാര്യങ്ങളും കൊളീജിയം നടപടികളും ലോക്പാല്‍ രൂപീകരണവും ചര്‍ച്ചയില്‍ വിഷയമാകും. ഇപ്പോഴത്തെ തിരുത്തലുകള്‍ ജുഡീഷ്യറിയെ നല്ല രീതിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രതികരിച്ചു. ജഡ്ജിയായിട്ടല്ല, മറിച്ച് ഇന്ത്യന്‍ പൗരനായാണു വിഷയത്തില്‍ ഇടപെടല്‍ നത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണെന്നും ഇനിയും മൗനം പാലിച്ചാല്‍ ചരിത്രം നമുക്കു മാപ്പുതരില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിനയച്ച കത്തില്‍ പറഞ്ഞത്.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരായി ഉയര്‍ത്തി കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കുര്യന്‍ ജോസഫിന്റെ കത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."