ചേറ്റുവയുടെ 'സ്വന്തം ലേഖകന്‍'
കേരളത്തിലെ മാധ്യമരംഗത്ത് ആധുനിക സൗകര്യങ്ങളൊന്നും അധികം പരിചയത്തിലില്ലാതിരുന്ന കാലം. കടലാസ് കുത്തിനിറച്ച പ്ലാസ്റ്റിക് സഞ്ചിയും സുഹൃത്ത് സമ്മാനിച്ച ഓട്ടോ ഫോക്കസ് കാമറയുമായി അബ്ദു വാര്‍ത്തകള്‍ തേടിയിറങ്ങും. ഓരോ ദിവസത്തെയും വ്യത്യസ്ത പ്രദേശങ്ങളിലൂടെയുള്ള അലച്ചിലുകള്‍ അവസാനിക്കുന്നത് തൃശൂര്‍ നഗരത്തിലെ പത്രമോഫിസുകളില്‍.
അന്നു ശേഖരിച്ച വാര്‍ത്തകള്‍ ഓഫിസില്‍ ഏല്‍പിച്ചു തിരിച്ചു വീട്ടിലേക്കു തന്നെ മടക്കം. ചേറ്റുവ സ്വദേശി അബ്ദുവിന്റെ വാര്‍ത്തകള്‍ തേടിയുള്ള പ്രയാണം ഇപ്പോഴും 73ന്റെ അവശതകള്‍ക്കിടയിലും മുടക്കമില്ലാതെ തുടരുകയാണ്. ചേറ്റുവയിലും സമീപപ്രദേശമായ ചാവക്കാട്ടും കടപ്പുറത്തും ഏങ്ങണ്ടിയൂരും വാര്‍ത്തകള്‍ക്കായി അബ്ദു നടത്തുന്ന അലച്ചിലുകള്‍ക്കു മാത്രം ഇപ്പോള്‍ 55 വര്‍ഷം തികഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസ് പഠനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല ഈ പത്രലേഖകന്‍. പക്ഷേ, തന്റെ ചെറിയ 'വലിയ' വാര്‍ത്തകളിലൂടെ അബ്ദുക്ക മാറ്റിമറിച്ചത് ഒരു ദേശത്തിന്റെ തന്നെ ജീവിതമായിരുന്നു.
തെങ്ങിന്‍തൈയില്‍ ഉയിരുകൊണ്ട പത്രപ്രവര്‍ത്തകന്‍
കൃത്യമായി പറഞ്ഞാല്‍ 55 വര്‍ഷം മുന്‍പൊരു ശനിയാഴ്ച. അന്നാണ് ചേറ്റുവ വലിയകത്ത് തൈപറമ്പില്‍ പരേതരായ ഹൈദ്രോസുകുട്ടിയുടെയും പാത്തുക്കുട്ടിയുടെയും രണ്ടാമത്തെ മകനായ തീര്‍ത്തും സാധാരണക്കാരനായ അബ്ദുവെന്ന ഗ്രാമീണ പത്രപ്രവര്‍ത്തകന്റെ ഉദയം. നാട്ടുകാരനായ അബൂബക്കര്‍ സേട്ട് സമ്മാനിച്ച കാമറയും തൂക്കി വീട്ടിലേക്കു നടന്നുപോകുന്നതിനിടെ അബ്ദുവിന്റെ ശ്രദ്ധ പതിഞ്ഞത് ഒരു തെങ്ങിന്‍തൈയില്‍. 11 മടലുകളുണ്ട് ആ ചെറിയൊരു തെങ്ങിന്‍തൈയില്‍! അതൊരു കൗതുകക്കാഴ്ച തന്നെയാണല്ലോ.. ആ 18കാരന്‍ പിന്നെ വേറൊന്നും ആലോചിച്ചില്ല. ഒറ്റ സ്‌നാപ്പിലൂടെ തെങ്ങിന്‍തൈ കാമറയില്‍ പകര്‍ത്തി. പിന്നെ നേരെ തൃശൂരിലേക്ക്. നഗരത്തിലെ സ്റ്റുഡിയോയിലെത്തി ഫോട്ടോയുടെ കോപ്പിയെടുത്തു. പിന്നെ വിവിധയിടങ്ങളിലുള്ള പത്രമോഫിസുകളിലെത്തി ആ ഫോട്ടോയുടെ ഒരോ കോപ്പിയും വാര്‍ത്തയും നല്‍കി. പിറ്റേന്നു പുറത്തിറങ്ങിയ പത്രങ്ങളിലെല്ലാം അബ്ദുവിന്റെ ചിത്രം ഇടംപിടിച്ചു.
ഇതോടെ വാര്‍ത്തയെഴുത്താകും തന്റെ തലയിലെഴുത്തെന്നു സ്വയം കരുതി ആ മേഖലയിലേക്കു തിരിഞ്ഞു അബ്ദു. അന്ന് വി.എസ് കേരളീയന്‍ 'മണപ്പുറം ടൈംസ് ' എന്ന പേരില്‍ ഒരു പ്രാദേശിക പത്രം നടത്തിവന്നിരുന്നു. കേരളീയനും അബ്ദുവിലെ പത്രപ്രവര്‍ത്തകനു പ്രോത്സാഹനം നല്‍കി. രാമു കാര്യാട്ടും എസ്.പി കടവിലും അബ്ദുവിന് ആവോളം പിന്തുണ നല്‍കി. പതിയെ പതിയെ ചേറ്റുവയിലെയും കടപ്പുറത്തെയും നാട്ടുവിശേഷങ്ങളും വികസനമുരടിപ്പും കടല്‍ക്ഷോഭവും ഉത്സവങ്ങളുമെല്ലാം അബ്ദുവിലൂടെ വിവിധ പത്രത്താളുകളില്‍ സ്ഥിരമായി ഇടംപിടിച്ചു. കൂടെക്കൂടെ പത്രങ്ങളില്‍ അബ്ദുക്കയുടെ വാര്‍ത്തകളും ഫോട്ടോകളും പ്രസിദ്ധീകരിക്കാത്ത ദിവസങ്ങളില്ലെന്നായി.
'അബ്ദുവിന്റെ പാലം'
നിലവില്‍ ദേശീയപാത 17നെ ബന്ധിപ്പിക്കുന്ന ചേറ്റുവ പാലം വരുന്നതിനു മുന്‍പത്തെ കാലം. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറംലോകത്തെത്താനുള്ള ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും അബ്ദു മനസിലാക്കി. ഇവിടെയൊരു പാലത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അബ്ദു അതിനായി പേന ചലിപ്പിച്ചു. ചേറ്റുവപാലം സാക്ഷാല്‍ക്കരിക്കുന്നതിന് അബ്ദു എഴുതിയ നിലയ്ക്കാത്ത വാര്‍ത്തകള്‍ പ്രാദേശിക പത്രപ്രവര്‍ത്തനത്തിലെ അപൂര്‍വ അധ്യായമായി.
പാലത്തിന്റെ ആവശ്യകത ഇടതടവില്ലാതെ പത്രങ്ങളില്‍ വാര്‍ത്തകളായി നിറഞ്ഞുനിന്നു. കടലാസ് തുണ്ടുകളില്‍ എഴുതിനിറച്ച വാര്‍ത്തകള്‍ ഒരു ദേശത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. പാലത്തിനു വേണ്ടിയുള്ള വാര്‍ത്തയെഴുത്ത് ആരംഭിച്ചപ്പോള്‍ അബ്ദു ഒരു പ്രതിജ്ഞയെടുത്തിരുന്നു; പാലം വന്നിട്ടേ ഇനി താടി വടിക്കൂവെന്ന്. വാര്‍ത്തകള്‍ക്കൊപ്പം താടിയും വളര്‍ന്നു. ഒടുവില്‍ ചേറ്റുവ പാലം യാഥാര്‍ഥ്യമായി. അബ്ദു താടി വടിച്ചു. പാലത്തിന്റെ ഉദ്ഘാടന ദിവസം പ്രമുഖ പത്രം എഴുതിയത് 'ഇത് അബ്ദുവിന്റെ പാലം' എന്നായിരുന്നു.
ഡിജിറ്റല്‍ കാമറയും ഇന്റര്‍നെറ്റുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രദേശത്തെ മിക്ക പരിപാടികളും തുടങ്ങാന്‍ പ്രമുഖര്‍ പോലും അബ്ദുവിനെ കാത്തുനിന്നു. വര്‍ഷങ്ങള്‍ക്കുശേഷം ചേറ്റുവ പാലത്തിലുണ്ടായ ബസ് അപകടത്തിന്റെ ചിത്രം അബ്ദുവിന്റെ പേരോടെ പത്രങ്ങളുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു വന്നു. പാലത്തിന്റെ കൈവരി തകര്‍ത്ത ബസ് പുഴയിലേക്ക് തൂങ്ങിക്കിടക്കുന്നതായിരുന്നു ആ ചിത്രം. ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ മലമ്പാമ്പ് കുറുക്കനെ ചുറ്റി വരിഞ്ഞു വിഴുങ്ങാനൊരുങ്ങുന്ന ചിത്രമടക്കം ഫോട്ടോ ജേണലിസത്തിലെ അതികായര്‍പോലും വിസ്മയിച്ചുപോയ നിരവധി രംഗങ്ങള്‍ അബ്ദുക്കയുടെ ഓട്ടോഫോക്കസ് കാമറ ഒപ്പിയെടുത്തു. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ കടലോരവാസികള്‍ അബ്ദുക്കയുടെ വരവിനു കാത്തിരിക്കും. തങ്ങളുടെ ദുരിതജീവിതം അധികൃതര്‍ക്കു മുന്നിലെത്തിക്കാന്‍ അവര്‍ കണ്ടത് അബ്ദുവിനെയായിരുന്നു. കടപ്പുറം പഞ്ചായത്തിലെ കടലോരത്തെ ഏക്കര്‍കണക്കിനു ഭൂമി കടല്‍ കവര്‍ന്നതിനും അബ്ദു സാക്ഷിയായിരുന്നു. മഴക്കാലമായാല്‍ പതിവുകാഴ്ചയായ ഗ്രാമങ്ങളിലെ വെള്ളക്കെട്ടും അബ്ദു പകര്‍ത്തും.
മിക്ക പത്രങ്ങള്‍ക്കും പ്രാദേശിക ലേഖകരൊന്നും ഇല്ലാത്ത കാലത്തു പ്രദേശത്തെ ചരമ-വിവാഹ വാര്‍ത്തകള്‍ പത്രങ്ങളില്‍ അച്ചടിച്ചുവരണമെങ്കില്‍ അബ്ദു തന്നെയായിരുന്നു എല്ലാവര്‍ക്കും ആശ്രയം. ഇതോടൊപ്പം അബ്ദുവിന്റെ നിരവധി വാര്‍ത്തകള്‍ പ്രാദേശിക രാഷ്ട്രീയ-സാമൂഹികരംഗങ്ങളെ ഇളക്കിമറിച്ച സംഭവങ്ങളുമുണ്ടായി. വാര്‍ത്തകള്‍ക്കും വാര്‍ത്താചിത്രങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തര അന്വേഷണം അബ്ദുക്കയെ വേറിട്ടു നിര്‍ത്തി. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠം പോലുമറിയാത്ത ഒരാള്‍ കണ്ടെത്തിയ വാര്‍ത്തകള്‍ അങ്ങനെ ഒരു ദേശത്തിന്റെ വികസനഗാഥയായി മാറി. ചേറ്റുവ മണപ്പുറത്തെ വികസനത്തിന്റെ രാജവീഥിയിലേക്ക് ആനയിച്ചതില്‍ അബ്ദുവിന്റെ വാര്‍ത്തകളുടെ പങ്ക് ചെറുതൊന്നുമല്ലായിരുന്നു. പ്രതിഫലം പറ്റാത്ത നിസ്വാര്‍ഥ പത്രപ്രവര്‍ത്തന ജീവിതത്തെ തേടി ഇതിനകം അന്‍പതോളം പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
അന്നും ഇന്നും അബ്ദു
തങ്ങള്‍ക്ക് ഒരു പഞ്ചായത്തില്‍ ഒന്നും രണ്ടും വരെ പ്രാദേശിക ലേഖകരുള്ള ഇക്കാലത്തും മുഴുവന്‍ മലയാള പത്രങ്ങളുടെയും ചേറ്റുവയിലെ സ്വന്തം ലേഖകന്‍ അബ്ദു തന്നെ. അതുകൊണ്ടു തന്നെ പത്രങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ചു വാര്‍ത്തകള്‍ വേര്‍തിരിച്ചെത്തിക്കാനും അബ്ദു എപ്പോഴും ശ്രദ്ധിച്ചു. ഇപ്പോള്‍ ചേറ്റുവയില്‍ പല പത്രങ്ങളുടെ വിതരണവും അബ്ദുക്ക തന്നെയാണു നടത്തുന്നത്. നേരം പുലരും മുന്‍പ് അരയില്‍ സൂക്ഷിച്ച കാമറയുമായി അബ്ദു വീട്ടില്‍ നിന്നിറങ്ങും.
ആദ്യം കിലോമീറ്ററുകളോളം നടന്നുള്ള പത്രവിതരണം. പിന്നെ വാര്‍ത്തകളുടെ ശേഖരണം. വൈകുന്നേരത്തോടെ വാര്‍ത്തകളും ഫോട്ടോകളുമായി നേരെ തൃശൂരിലെ പത്രമോഫിസുകളിലേക്ക്. പലപ്പോഴും രാത്രിയാകും തിരികെ ചേറ്റുവയിലെത്താന്‍.
വാര്‍ത്തകളുടെ ലോകത്ത് അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഈ ജീവിതചര്യയ്ക്ക് ഒട്ടും മാറ്റം വന്നിട്ടില്ല. വാര്‍ത്തകള്‍ കണ്ടെത്താനുള്ള ശേഷി, ശേഖരിക്കാനുള്ള ത്യാഗം, നിഷ്പക്ഷത, സത്യസന്ധത, അനീതിയോടുള്ള സന്ധിയില്ലാസമരം... അന്നും ഇന്നും മാധ്യമ നൈതികതയും മൂല്യങ്ങളും കാത്തുസൂക്ഷിച്ചു ചേറ്റുവയുടെ 'സ്വന്തം ലേഖകന്‍' എഴുത്തു തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."