ഒന്നുകില്‍ വിജയം അല്ലെങ്കിലും വിജയം
യുദ്ധത്തിനിറങ്ങാനൊരുങ്ങുമ്പോള്‍ രാജാവ് പയറ്റുന്ന ഒരു തന്ത്രമുണ്ട്. തന്റെ കൈയിലെ 'മാന്ത്രിക' നാണയമെടുത്തു ഭാഗ്യം പരീക്ഷിക്കും. മുഴുവന്‍ സൈനികരും കാണത്തക്ക വിധത്തിലായിരിക്കും പരീക്ഷണം. ചാപ്പയാണു വീഴുന്നതെങ്കില്‍ അദ്ദേഹം പറയും: 'ഇന്ന് നമുക്കാണു വിജയം.' ഇനി പുള്ളിയാണു വീഴുന്നതെങ്കില്‍ പറയും: 'ഈ യുദ്ധത്തില്‍ നമ്മള്‍ പരാജയപ്പെടും.'
'ഭാഗ്യ'മെന്നു പറയട്ടെ, ഇക്കാലമത്രയും വീണതു ചാപ്പ മാത്രമായിരുന്നു. ചാപ്പ വീണാല്‍ വിജയമാണല്ലോ. വിജയിക്കുമെന്ന വിശ്വാസത്തില്‍ സൈനികര്‍ യുദ്ധത്തിനിറങ്ങും. യാതൊരു ഭീതിയും അവരെ വേട്ടയാടില്ല. അങ്ങനെ ധീരമായി പടവെട്ടി വിജയവൈജയന്തിയേന്തി തിരികെ വരികയും ചെയ്യും. പോയ യുദ്ധത്തിലൊന്നും അവര്‍ക്കു പരാജയം ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നാണു കേള്‍വി.
വര്‍ഷങ്ങളങ്ങനെ പലതും കടന്നുപോയി. ഇന്ന് രാജാവ് രോഗിയാണ്. പ്രായം അങ്ങെത്തിയിട്ടുണ്ട്. രോഗത്തിന്റെ സ്വഭാവം കണ്ടിട്ട് ഇനി കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ മുതിര്‍ന്ന മകനാണു നിയമപ്രകാരം അടുത്ത രാജാവാകേണ്ടത്. മകനെ വിളിച്ച് അദ്ദേഹം പല ഉപദേശനിര്‍ദേശങ്ങളും കൊടുത്തു. അതിനിടയില്‍ മകന്‍ പറഞ്ഞു: ''പിതാവേ, അങ്ങയുടെ കൈയിലുണ്ടല്ലോ ഒരു മാന്ത്രികനാണയം. ആ നാണയം എനിക്കു വേണം.. അങ്ങേക്കു ശേഷം ശത്രുക്കളോട് ഏറ്റുമുട്ടേണ്ടി വന്നാല്‍ എനിക്കും ഭാഗ്യം പരീക്ഷിക്കാമല്ലോ..''
മകന്റെ ആവശ്യം അദ്ദേഹം നിരസിച്ചില്ല. തന്റെ കീശയില്‍നിന്ന് ആ നാണയം പുറത്തെടുത്തു. അതുവരെ ഒരാള്‍ക്കും കൊടുക്കാത്ത നാണയമാണത്. ആദ്യമായി അദ്ദേഹം അതു തന്റെ മകന്റെ കൈയില്‍ കൊടുത്തു. മകന്‍ അതു പരിശോധിച്ചുനോക്കി. തിരിച്ചും മറിച്ചും നോക്കി. അവനു വല്ലാത്ത അത്ഭുതം.. രണ്ടു ഭാഗത്തും ചാപ്പ..! അവന്‍ ജിജ്ഞാസയോടെ ചോദിച്ചു: ''ഇതെന്തു കഥ.. ഇക്കാലമത്രയും അങ്ങ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നോ..?''
രാജാവ് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു: ''ഞാനൊരാളെയും വഞ്ചിട്ടില്ല. ചില തന്ത്രങ്ങള്‍ പയറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ..''
''എന്തു തന്ത്രം.. ഇങ്ങനെയുണ്ടോ ഒരു തന്ത്രം..''
''ഇതൊരു ജീവിതസത്യമാണു മോനേ.. നീ യുദ്ധത്തിനെന്നല്ല, ഏതൊരു കാര്യത്തിനിറങ്ങിയാലും നിനക്കു മുന്നില്‍ രണ്ടു ചോയ്‌സുകളുണ്ടാകും. ഒന്നുകില്‍ വിജയം. അല്ലെങ്കില്‍ പരാജയം.. വിജയിക്കുമെന്നാണു നിന്റെ വിശ്വാസമെങ്കില്‍ ആ വിശ്വാസം ശരിയാണ്; നീ വിജയിക്കും. പരാജയപ്പെടുമെന്നാണു നിന്റെ വിശ്വാസമെങ്കില്‍ അതും ശരിയാണ്; നീ പരാജയപ്പെടും. നിന്റെ വിശ്വാസമാണു നിന്റെ ജയപരാജയം നിര്‍ണയിക്കുന്നത്.''
രാജാവ് തുടര്‍ന്നു:
''ഈ നാണയത്തിന്റെ ഇരുവശവും ചാപ്പയാക്കിയതു പരാജയഭീതി ഇല്ലായ്മ ചെയ്യാനാണ്. പരാജയപ്പെടുമെന്ന വിശ്വാസം വന്നുപോയാല്‍ പരാജയമുറപ്പായിരിക്കും. ജയിക്കുമോ പരാജയപ്പെടുമോ എന്ന സംശയത്തിലായാല്‍ അപ്പോഴും പരാജയത്തിനായിരിക്കും സാധ്യത. ജയിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ പരാജയപ്പെടില്ല. ആത്മവിശ്വാസം കൈവരും. അതിന്റെ ബലത്തില്‍ വിജയിക്കുകയും ചെയ്യും.. എപ്പോഴും ജയിക്കുമെന്നേ വിശ്വസിക്കാവൂ. ജയചിന്ത മാത്രമേ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യാവൂ. ആത്മവിശ്വാസം കെടുത്തിക്കളയുന്ന ഒന്നും ഒരാള്‍ക്കും ഉണ്ടാക്കിക്കൊടുക്കരുത്. എപ്പോഴും എല്ലാവര്‍ക്കും പോസിറ്റിവ് എനര്‍ജി നല്‍കുക. അതിനാല്‍ ഈ നാണയത്തെ ഒരു മാന്ത്രിക നാണയമാക്കി തന്നെ നീ സൂക്ഷിക്കുക. ഒരാള്‍ക്കും ഇതിന്റെ ഉള്ളുകള്ളി പറഞ്ഞുകൊടുക്കരുത്. നിനക്കു ശേഷം വരുന്ന രാജാവിനല്ലാതെ ഇതു കൈമാറുകയും ചെയ്യരുത്..''
നിറഞ്ഞുനില്‍ക്കുന്ന ഒരു സദസില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കാന്‍ സംഘാടകര്‍ നിങ്ങളെ ക്ഷണിച്ചെന്നു കരുതുക. ജീവിതത്തിലൊരിക്കലും മൈക്കിനു മുന്നില്‍ പ്രത്യക്ഷപ്പെടാത്ത വ്യക്തിയുമാണു നിങ്ങള്‍.. എന്തു സംഭവിക്കും? കാല്‍മുട്ടു വിറക്കാന്‍ തുടങ്ങും. ഹൃദയമിടിപ്പ് ക്രമാതീതമായി കൂടും. വാക്കുകള്‍ മുറിയും. ഇടക്കിടെ നാപ്പിഴകള്‍ സംഭവിക്കും; അല്ലേ.. എന്നാല്‍ അതേ നിങ്ങള്‍ അങ്ങാടിയിലിരുന്ന് സുഹൃത്തുക്കളോട് വാചാലമായി സംസാരിക്കും. ആരെയും വാക്കുകള്‍കൊണ്ട് മലര്‍ത്തിയടിക്കും. ഒരു പേടിയും നിങ്ങളെ ആ സമയത്തു വേട്ടയാടില്ല. എന്താണു കാരണം? ഒന്നാമത്തേതില്‍ എന്റെ സംസാരം കുളമായാലോ എന്ന ഭീതിയാണു നിങ്ങളെ ഭരിക്കുന്നത്. രണ്ടാമത്തേതില്‍ എനിക്കു വാചാലമായി സംസാരിക്കാന്‍ കഴിയുമെന്ന പൂര്‍ണബോധമാണു നിങ്ങള്‍ക്കുള്ളത്. കുളമായാലോ എന്നു ശങ്കിച്ചാല്‍ കുളമാകും. അതുകൊണ്ടാണു നാപ്പിഴകള്‍ സംഭവിക്കുന്നതും ശരീരാവയവങ്ങള്‍ വിറക്കുന്നതും. വാചാലമായി സംസാരിക്കാനാകും എന്നാണു വിശ്വാസമെങ്കില്‍ നിങ്ങള്‍ ഭീതിയേതുമില്ലാതെ സംസാരിക്കുകയും ചെയ്യും.
പരീക്ഷയ്ക്കു പോകുമ്പോള്‍ പല വിദ്യാര്‍ഥികള്‍ക്കുമുള്ള ഒരു ആശങ്കയാണ് 'ജയിക്കുമോ..' മുതല്‍മുടക്കുള്ള എന്തെങ്കിലും സംരംഭത്തിനുദ്ദേശിച്ചാല്‍ അപ്പോഴേക്കും മനസിലേക്ക് ഓടിയെത്തുന്ന ചിന്ത 'ഇതു പരാജയപ്പെട്ടാലോ..' എന്തെങ്കിലും കഥയോ കവിതയോ ഉപന്യാസമോ എഴുതാനൊരുങ്ങിയാല്‍ മനസ് പറയും 'പാത്രാധിപര്‍ ഇതു സ്വീകരിച്ചില്ലെങ്കിലോ...'
പരാജയപ്പെട്ടാലോ എന്നു ചിന്തിച്ചാല്‍ പരാജയപ്പെടാനാണു സാധ്യത. താനെഴുതിയാല്‍ അതു നന്നാകുമോ എന്നു ചിന്തിച്ചാല്‍ നന്നാവാതിരിക്കാനാണു സാധ്യത. ആദ്യം നീങ്ങേണ്ടത് ഈ ഭീതിയാണ്. പല പദ്ധതികളും പാതിവഴിയില്‍ അസ്തമിച്ചുപോകുന്നതിന്റെ മുഖ്യകാരണം പരാജയഭീതിതന്നെ. പരാജയഭീതിയോടെ ഏതൊരു കാര്യത്തിനിറങ്ങിയാലും അതില്‍ വിജയമുണ്ടാകില്ല. കാരണം, ഒരു പദ്ധതിയെ വിജയിപ്പിക്കുന്നത് അതിനു പിന്നിലെ ആത്മവിശ്വാസവും ആത്മാര്‍ഥതയുമാണ്.
നമുക്കു മുന്നില്‍ രാജാവിനെ പോലെ രണ്ടു സാധ്യതകളേ ഉണ്ടാകാവൂ. ഒന്നുകില്‍ വിജയം. അല്ലെങ്കിലും വിജയം. പരാജയത്തെ നാം സാധ്യതാപട്ടികയില്‍ ചേര്‍ക്കാതിരിക്കുക. പരാജയപ്പെട്ടാല്‍ തന്നെയും നിങ്ങള്‍ വിജയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."