വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ പഞ്ചായത്തംഗം അലവന്‍സ് കൈപ്പറ്റാനെത്തി
കുട്ടനാട്: കുട്ടനാട്ടിലെ വിവിധ വായ്പത്തട്ടിപ്പുകളില്‍ പൊലിസ് തിരയുന്ന വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നേരിട്ടെത്തി അലവന്‍സ് കൈപ്പറ്റി.
വായ്പാത്തട്ടിപ്പ് നടത്തിയെന്ന നിരവധി പരാതികളെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോയെന്നാണ് പൊലിസ് ഭാഷ്യം. അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിട്ടും നാളിതുവരെയായി ഇയാളെ കസ്റ്റഡിയിലെടുക്കുവാനോ ചോദ്യം ചെയ്യുവാനോ പൊലിസിനു കഴിഞ്ഞിരുന്നില്ല.
ഇതിനിടയിലാണ് നാലു ദിവസം മുമ്പ് റോജോ ജോസഫ് നേരിട്ടെത്തി അക്വിറ്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട് ഫെബ്രുവരിമാസത്തെ അലവന്‍സ് കൈപ്പറ്റിയത്. കുട്ടനാട് വികസനസമിതി നടത്തിയ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൂന്നാഴ്ച മുമ്പ് റോജോ ജോസഫ്, കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, കാവാലം കര്‍ഷക സംഘം പ്രസിഡന്റ് കെ.ടി ദേവസ്യ, വികസനസമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
തുടര്‍ന്ന് റോജോ ജോസഫിനുവേണ്ടി ഇയാളുടെ ബന്ധുവീടുകളിലടക്കം പൊലിസ് പരിശോധനയും നടത്തിയിരുന്നു. ഇയാള്‍ കേരളത്തിനു പുറത്ത് ഒളിവിലാണെന്ന വാര്‍ത്തയും ഇതിനിടെ പ്രചരിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യകേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമാസമാകാറായിട്ടും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുവാന്‍ കഴിയാത്തത് വീഴ്ചയാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."