ഹര്‍ത്താലിനിടെ യുവാവിനെ മര്‍ദിച്ച സംഭവം; നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമെന്ന് വി.ഡി സതീശന്‍
നെടുമ്പാശ്ശേരി: വരാപ്പുഴയില്‍ ബി.ജെ.പി ഹര്‍ത്താലിനിടെ യുവാവ് അക്രമത്തിനിരയായ സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാത്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു.
ഹര്‍ത്താലിനിടെ അക്രമത്തിനിരയായ കുന്നുകര സ്വദേശി മുഹമ്മദ് ഷാഫിയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഒരു മനുഷ്യന്റെ ദാരുണ മരണത്തില്‍ പ്രതിഷേധിക്കാന്‍ ഹര്‍ത്താര്‍ നടത്തിയവര്‍ മറ്റൊരു മനുഷ്യനു നേരെ അക്രമം അഴിച്ചുവിടുന്നത് എങ്ങിനെ ന്യായീകരിക്കാനാകുമെന്ന് അദ്ധേഹം ചോദിച്ചു. ആശുപത്രി, ആംബുലന്‍സ് അടക്കമുള്ള അവശ്യ സര്‍വ്വീസുകള്‍ക്കെങ്കിലും തടസ്സം നേരിടാത്ത വിധമാണ് ഹര്‍ത്താലുകള്‍ നടക്കാറുള്ളത്. പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പുറപ്പെട്ട യുവാവിനാണ് മനുഷ്യത്വരഹിതമായി മര്‍ദ്ദനമേറ്റത്.
പൊലിസിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന സംഭവത്തില്‍ നിരുത്തരവാദപരമായ നിലപാടാണ് പൊലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി. സംഭവ ദിവസം തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ വാക്ക് പാലിക്കപ്പെട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.
അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പു നല്‍കി. വരാപ്പുഴ കസ്റ്റഡി മരണത്തിലും പുകമറ സൃഷ്ടിക്കാനാണ് പൊലിസിന്റെ ശ്രമം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, നേതാക്കളായ എം.എ സുധീര്‍, എം.എ അബ്ദുള്‍ ജബ്ബാര്‍, സി.എം മജീദ്, സി.യു ജബ്ബാര്‍, പി.വി തോമസ്, വിനോജ് വയല്‍കര, ഇ.എം സബാദ്, ഷിബി പുതുശ്ശേരി, സി.ജെ ജോബി, ടി.കെ താഹിര്‍, വി.എസ് ഷെഫീര്‍, ഷാബു വയല്‍കര തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."