പുനഃസംഘടന: കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു
മാള: കുഴൂരില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുനഃസംഘടനയെ തുടര്‍ന്നു നേതാക്കളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു. പൊതുസമ്മതനും കുഴൂര്‍ പഞ്ചായത്ത് പ്രഥമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും നിലവില്‍ കര്‍ഷക കോണ്‍ഗ്രസിന്റെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ എം.എ ജോജോയെ മണ്ഡലം പ്രസിഡന്റാക്കണമെന്നു ഗ്രൂപ്പുകള്‍ക്കതീതമായി സീനിയര്‍ നേതാക്കളടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാലതിനു വിരുദ്ധമായി ചിലരുടെ കുല്‍സിത നീക്കം മൂലം ജൂനിയറും അറിയപ്പെടാത്തതുമായ വ്യക്തിയെ മണ്ഡലം പ്രസിഡന്റാക്കിയെന്നാണു ആക്ഷേപം. പഞ്ചായത്ത് സംവിധാനം നിലവില്‍ വന്ന കാലം മുതല്‍ ഇന്നേവരെ കോണ്‍ഗ്രസ് മാത്രം ഭരണം നടത്തിയിട്ടുള്ള സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ ഒന്നാണു കുഴൂര്‍ പഞ്ചായത്ത്. രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റും രണ്ടു തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി അഞ്ച് വട്ടം പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ എടുത്തു പറയാവുന്ന ബഹുമതിയുള്ള പഞ്ചായത്ത് പ്രസിഡന്റ്് പി. ശാന്തകുമാരി ടീച്ചറെ അകറ്റി നിര്‍ത്തിയതിലും പ്രതിഷേധമുണ്ട്.
തന്റെ വീടിനോടു ചേര്‍ന്നുള്ള മൂന്നു സെന്റു സ്ഥലം പാര്‍ട്ടി ഓഫിസിനു വേണ്ടി വിട്ടു കൊടുത്ത പഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി യാതൊരു കൂടിയാലോചനയും നടത്താതെയാണു പാര്‍ട്ടി നേതൃത്വം മുന്നോട്ടു പോകുന്നതെന്നാണു പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ പരാതി. കഴിഞ്ഞ മാസം നടന്ന ഡി.സി.സി തെരഞ്ഞെടുപ്പാണിതിനു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ശാന്തകുമാരി ടീച്ചര്‍ നല്‍കിയ സ്ഥലത്തു പണിത പാര്‍ട്ടി ഓഫിസിന്റെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിക്കപ്പെടാത്തതിലും പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം പ്രസിഡന്റ് സ്ഥാന കൈമാറ്റ ചടങ്ങില്‍ കുറച്ചു പ്രവര്‍ത്തകന്‍ മാത്രമാണു പങ്കെടുത്തത്. ഭൂരിഭാഗം പ്രവര്‍ത്തകരും പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി. ശാന്തകുമാരി ടീച്ചര്‍, മുന്‍ മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കുഴൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.എ അബ്ദുള്‍ കരീം, നാലു ബൂത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരാണു ചടങ്ങില്‍ നിന്ന് വിട്ടു നിന്നവര്‍. ചടങ്ങില്‍ നിന്ന് പ്രതിഷേധിച്ച് ഒരു ബൂത്ത് പ്രസിഡന്റ്് ഇറങ്ങി പോകുകയുമുണ്ടായി. തനിക്കു എതിരെയുള്ള പ്രതിഷേധം മണത്തറിഞ്ഞ നിയുക്ത പ്രസിഡന്റ്് നേതൃത്വത്തിനു രാജിക്കത്തു സമര്‍പ്പിച്ചു തലയൂരാന്‍ നോക്കിയെങ്കിലും വെട്ടിലായ നേതൃത്വം നാണക്കേടൊഴിവാക്കാനായി പ്രസിഡന്റിനോടു തല്‍ക്കാലം തുടരാന്‍ നിര്‍ബന്ധിച്ചു മുഖം രക്ഷിച്ചു.
തലമുറ മാറ്റത്തിന്റെയും യുവാക്കളെ പാര്‍ട്ടിയിലേക്കു ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായിട്ടാണു പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതെന്നു നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പ്രശ്‌നം എങ്ങിനെ പരിഹരിക്കുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണു നേതൃത്വം. ഇതു സംബന്ധമായി ഒരു വിഭാഗം കെ.പി.സി.സിക്കു പരാതി നല്‍കിയിരിക്കയാണ്. ഈ മാസം 17നു കൊടുങ്ങല്ലൂരില്‍ കെ.പി.സി.സി പ്രസിഡന്റ്് ഫണ്ടു സ്വീകരിക്കാനെത്തുമ്പോള്‍ കുഴൂരിലെ ഫണ്ട് സ്വീകരണ പരിപാടി വിജയിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
50000 രൂപയാണു ഓരോ ബൂത്തില്‍ നിന്നും സ്വരൂപിക്കേണ്ടത്. കഴിഞ്ഞ ദിവസം മാളയില്‍ നടന്ന യു.ഡി.എഫ് രാപകല്‍ സമരത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി കുഴൂരിലെ 14 ബൂത്ത് പ്രസിഡന്റുമാരും പങ്കെടുത്തിരുന്നില്ല. കുഴൂരിലെ കോണ്‍ഗ്രസില്‍ പുകയുന്ന പ്രതിഷേധത്തെ അടുത്തൊന്നും പരിഹരിക്കാനാകില്ലെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."