നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്കായി മജീഷ്യന്‍ പ്രദീപ് കുമാറിന്റെ റെയില്‍ ട്രാക്ക് എസ്‌കേപ്പ് 18ന്
നിലമ്പൂര്‍: നഞ്ചന്‍കോഡ് പാതക്കുവേണ്ടി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ് കുമാര്‍. റെയില്‍ ട്രാക്ക് എസ്‌കേപ്പ് എന്ന മാജിക് അവതരിപ്പിച്ചാണ് നിലമ്പൂര്‍-നഞ്ചന്‍കോഡ് പാതക്കുവേണ്ടിയുള്ള കാംപയിനില്‍ പ്രദീപ്കുമാറും പങ്കുചേരുന്നത്.
18ന് രാവിലെ 10.30ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പരിപാടി നടത്തുകയെന്ന് നിലമ്പൂരില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രദീപ് കുമാര്‍ അറിയിച്ചു. ആനചങ്ങലയില്‍ ബന്ധസ്ഥനായി റെയില്‍പാളത്തില്‍ കിടക്കും. ട്രെയിന്‍ അടുത്തെത്തുമ്പോള്‍ ചങ്ങല പൊട്ടിച്ച് രക്ഷപ്പെടും. ഇത് മാജിക് എന്നതിലേറെ അധികാരികളുടെ ശ്രദ്ധ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുകയും ജോലി ചെയ്തു ജീവിക്കുകയും ചെയ്യുന്ന കര്‍ണാടകയിലേക്ക് നിലവിലുള്ള ദൂരത്തേക്കാളും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന പാതയാണിത്.
തിരുവനന്തപുരം മുതലുള്ള എല്ലാ ജില്ലകളിലുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വ്യാപാരികള്‍ക്കും, കൃഷിക്കാര്‍ക്കും ഈ പാത ഏറെ ഗുണകരമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, സന്നദ്ധ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഈ പാതയുടെ ആവശ്യകത മനസിലാക്കി നടപടി തുടങ്ങണമെന്നാണ് ജനങ്ങളുടെ അഭിലാഷം.
സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ കൂടിയാണ് ഈ പരിപാടി. ഇതൊരു തുടര്‍ കാംപയിനാണെന്നും, നിലമ്പൂര്‍-നഞ്ചന്‍കോട് പാത യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാസംഘടനകളുമായും, കലാകാരന്‍മാരുമായും ചേര്‍ന്ന് തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മലയാളി മാജിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുല്‍ഫി മുത്തങ്ങോട്, ഇസ്ഹാഖ് പോരൂര്‍, ടി.ഷംസുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."