'യുവാവ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി, മറ്റൊരാള്‍ കിണറ്റില്‍ ചാടാന്‍ ശ്രമിച്ചു'
നിലമ്പൂര്‍: കെട്ടിടത്തിനു മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പൊതു ജനം കണ്ടു നില്‍ക്കേയാണ് യുവാവിന്റെ പ്രകടനം. സൈറണ്‍ മുഴക്കി ഫയര്‍ഫോഴ്‌സും, ആംബുലന്‍സും കുതിച്ചെത്തി. യുവാവിനെ മയപ്പെടുത്താന്‍ ശ്രമിക്കുന്നു. കയര്‍ കോണി ഉപയോഗിച്ച് താഴെയിറക്കാന്‍ ശ്രമിക്കുന്നു. പീവീസ് ആര്‍ക്കേഡിന് മുകളിലാണ് ഒരു യുവാവ് കയറി ഞാന്‍ ഇപ്പോള്‍ ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് .ഉടന്‍ ചിലര്‍ പൊലിസിലും അഗ്നിരക്ഷാസേനയിലുും വിവരമറിയിക്കുകയായിരുന്നു.
നിലമ്പൂര്‍ ടൗണില്‍ വന്‍ ജനകൂട്ടം കാര്യമറിയാതെ മിഴിച്ചു നില്‍ക്കേ യുവാവിനെ അനുനയിപ്പിച്ച് ഫയര്‍ഫോഴ്‌സ് താഴെയിറക്കി. അല്‍പം കഴിഞ്ഞ് അഗ്നിരക്ഷാസേനയുടെ രണ്ട് വണ്ടികളും രണ്ട് ആംബുലന്‍സുകളും ചന്തക്കുന്ന് ഭാഗത്തേക്ക് ചീറിപ്പാഞ്ഞു പോയി.
കഥയറിയാതെ പൊതുജനം പലരേയും വിളിച്ചന്വേഷിച്ചു. എന്താണ് സംഭവമെന്ന്. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനുള്ളിലെ കിണറ്റില്‍ ചാടിയയാളെ രക്ഷപ്പെടുത്താനായിരുന്നു പോയത്.
ഇയാളെ കിണറ്റില്‍ നിന്നെടുത്ത് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയതിനു ശേഷമാണ് അവിടേയും പൊതുജനത്തിന് കാര്യം പിടികിട്ടിയത്. ഫയര്‍ഫോഴ്‌സിന്റെ മോക്ഡ്രില്ലാണ് ജനങ്ങളെ അമ്പരപ്പിച്ചത്. ഏപ്രില്‍ 14 മുതല്‍ 20 വരെ അഗ്നിരക്ഷാസേന ദേശീയ ഫയര്‍ സര്‍വിസ് വാരാചരണം നടത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ഈ പരിപാടികള്‍.
അഗ്നിരക്ഷാ ഇന്‍സ്‌പെക്ടര്‍ എം.അബ്ദുല്‍ ഗഫൂര്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. അടിയന്തിരഘട്ടങ്ങളില്‍ 101 നമ്പറില്‍ വിളിച്ച് സംഭവങ്ങള്‍ അഗ്നിരക്ഷാസേനയെ അറിയിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."