മണ്ണാര്‍മല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ ദുരിതത്തിന് പരിഹാരമില്ല
പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍ പഞ്ചായത്തിലെ മണ്ണാര്‍മല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ ദുരിതജീവിതം രൂക്ഷമാകുന്നു. കോളനിയില്‍ ഒരുവീട്ടിലും വൈദ്യുതിയോ കുടിവെള്ളമോ ഇല്ല. ശുചിമുറിപോലും ഇല്ലാതെ വൃദ്ധരും സ്ത്രീകളുമടക്കമുള്ളവരാണ് ഇവിടെ പ്രയാസമനുഭവിക്കുന്നത്. ശൗചാലയങ്ങള്‍ക്ക് പകരം കാടും പറമ്പുമാണ് ഇവര്‍ ആശ്രയിക്കുന്നത്. മലമുകളില്‍ നിന്നും കുത്തനെയുള്ള ഇറക്കത്തിലൂടെയും കയറ്റത്തിലൂടെയും നടന്നുവേണം കോളനിവാസികള്‍ക്ക് പുറംലോകം കാണാന്‍. ഓലകൊണ്ട് നിര്‍മിച്ച ചിതലരിച്ച കുടിലുകളിലാണ് വര്‍ഷങ്ങളായി ഇവരുടെ താമസം. വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ ഇപ്പോഴും വൈകുകയാണ്.
അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ ചീനിക്കപ്പാറ കോളനിയില്‍ ആദിവാസികള്‍ ദുരിതജീവിതം നയിക്കുന്നത് സംബന്ധിച്ച് നേരത്തെ 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ സ്ഥിതിഗതികള്‍ വിലയിരുത്താനും ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുമായി ഉന്നതസംഘം കോളനി സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ താലൂക്കിലെ വിവിധ കോളനികള്‍ മാത്രം സന്ദര്‍ശനം നടത്തി ബന്ധപ്പെട്ട സംഘം മടങ്ങുകയായിരുന്നു.
അതേസമയം പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലുമായി 80 ആദിവാസി കുടുംബങ്ങളുണ്ടെങ്കിലും ഒരു എസ്.ടി പ്രമോര്‍ട്ടര്‍ പോലുമില്ലാത്തതിനാല്‍ ആനുകൂല്യങ്ങളേറെയും പടിക്കു പുറത്തു തന്നെയാണ്. താഴേക്കോട് പഞ്ചായത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി ഒരുമാസത്തിനുള്ളില്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പെരിന്തല്‍മണ്ണ ആര്‍.ടി.ഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതോടൊപ്പം ചീനിക്കപ്പാറ ഉള്‍പ്പടെയുള്ള മറ്റു കോളനികളിലും പദ്ധതികള്‍ നടപ്പാക്കിയാല്‍ ദുരിതംപേറി കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ നരകതുല്യമായ ജീവിതത്തിനു ഇനിയെങ്കിലും അറുതി വരുത്താനാകുമെന്നാണ് പ്രതീക്ഷ.
പെരിന്തല്‍മണ്ണയില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്ലാത്തതും ഇവിടത്തെ ആദിവാസി സമൂഹത്തിനു തിരിച്ചടിയാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."